രാജസ്ഥാനിലെ 90 നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 48 ഇടങ്ങളില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചു; ബി.ജെ.പിക്ക് 37 നഗരസഭകളില്‍ മാത്രം അധ്യക്ഷന്‍മാര്‍

22

രാജസ്ഥാനിലെ 90 നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 48 ഇടങ്ങളില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചു. 37 നഗരസഭകളില്‍ മാത്രമാണ് ബിജെപി അധ്യക്ഷന്‍മാര്‍ക്ക് വിജയിക്കാനായത്. 

19 നഗരസഭകളില്‍ ഒറ്റയ്ക്ക് അധികാരം പിടിച്ച കോണ്‍ഗ്രസ് സ്വതന്തരുടെ പിന്തുണയോടെയാണ് മറ്റിടങ്ങളില്‍ അധികാരത്തിലെത്തിയത്. ജയിച്ച 37 നഗരസഭകളില്‍ 24 ഇടങ്ങളിലും ബിജെപി ഒറ്റയ്ക്ക് അധികാരത്തിലെത്തി. അതേസമയം കഴിഞ്ഞ തവണ  90 നഗരസഭകളില്‍ 60 ഇടത്തും ബിജെപിയായിരുന്നു അധികാരത്തിലിരുന്നത്. 

എന്‍സിപിയും രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയും ഓരോ നഗരസഭകളുടെ തലപ്പത്തെത്തി. 20 ജില്ലകളിലായി 80 മുനിസിപ്പാലിറ്റികള്‍, 9 മുനിസിപ്പല്‍ കൗണ്‍സിലുകള്‍, ഒരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലേക്കാണ് ജനുവരി 28ന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടന്നത്. 

ആകെയുള്ള 3034 വാര്‍ഡുകളില്‍ 1197 ഇടത്ത് കോണ്‍ഗ്രസും 1141 വാര്‍ഡുകളില്‍ ബിജെപിയുമാണ് വിജയിച്ചിരുന്നത്. 633 ഇടങ്ങളില്‍ സ്വതന്ത്രരും ജയിച്ചു.