മൂന്നുലക്ഷം പിന്‍വാതില്‍ നിയമനം നടത്തിയ നാണംകെട്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മുന്‍ എം.പിമാരുടെ ഭാര്യമാര്‍ക്കെല്ലാം ജോലി. എം.എല്‍.എമാരുടെയും കമ്യൂണിസ്റ്റുകാരുടെയും മക്കള്‍ക്ക് ജോലി. ഒരു കമ്യൂണിസ്റ്റുകാരന് ന്യായമായി ജോലി കിട്ടുന്നതിന് ഞങ്ങള്‍ ആരും എതിരല്ല. പക്ഷെ പിന്‍വാതിലിലൂടെ, അന്യായമായി ചട്ടങ്ങളും നിയമങ്ങളും മറികടന്ന് കൊടുക്കുന്ന ജോലിയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. ഈ സമരം ജനങ്ങളുടെയും ചെറുപ്പക്കാരുടെയും വികാരമാണ്. അത് അടിച്ചമര്‍ത്താമെന്ന് ഭരണകൂടം കരുതണ്ട. സമരം ശക്തമാകും. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യമായിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള കൂട്ടുകെട്ട് കാരണം സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി കത്തെഴുതിയപ്പോള്‍ അവര്‍ വന്നു. മുഖ്യമന്ത്രി രണ്ടാമത് കത്തെഴുതിയപ്പോള്‍ അന്വേഷണം നിലച്ചു. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തര്‍ധാര ഇപ്പോള്‍ എല്ലാവര്ക്കും ബോധ്യമായെന്നും ചെന്നിത്തല പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസ് അന്വേഷണം നിലച്ചിട്ട് ഒരുമാസമായി. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുളള പുതിയ കൂട്ടുകെട്ടു കൊണ്ടാണ് അന്വേഷണം നിലച്ചു പോയത്. ഇ.ഡിയുടെയും എന്‍.ഐ.എയുടെയും കസ്റ്റംസിന്റെയും അന്വേഷണം എവിടെയാണ്. അന്വേഷണം മരവിപ്പിച്ചിരിക്കുന്നത് പുതിയ കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിശ്വാസ് മേത്തയെ മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിക്കുന്നതില്‍ തനിക്ക് വിയോജിപ്പുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഇക്കാര്യം യോഗത്തിന്റെ മിനുട്ട്സില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.