ശബരിമല: എൻ.എസ്.എസിന് കോൺഗ്രസിന്റെ മറുപടി: പ്രതികരണം തെറ്റിദ്ധാരണ മൂലമെന്ന് രമേശ്‌ ചെന്നിത്തല; റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിന് പിന്നിൽ കോൺഗ്രസ് അല്ല, കോൺഗ്രസ് എം.പിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കില്ല, കാപ്പൻ യു.ഡി.എഫിനെ സമീപിച്ചിട്ടില്ലെന്നും ചെന്നിത്തല

30

ശബരിമല വിഷയത്തിൽ എൻ.എസ്.എസ് പ്രതികരണം തെറ്റിദ്ധാരണയാകാമെന്നും ആവശ്യമെങ്കിൽ എൻ.എസ്.എസ് നേതൃത്വത്തെ നേരിൽ കാണുമെന്നും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ശബരിമല വിഷയത്തിൽ യു.ഡി.എഫ് ഒന്നും ചെയ്തില്ലെന്ന വാദം ശരിയല്ല യു.ഡി.എഫ് ചെയ്ത കാര്യങ്ങൾ ശ്രദ്ധയിൽപ്പെടാതിരുന്നതാവും പ്രതികരണത്തിന് കാരണം. ശബരിമല വിഷയത്തിൽ ബിൽ അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും അനുമതി ലഭിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരളയത്രയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ യു.ഡി.എഫ് രാഷ്ട്രീയ മുതലെടുപ്പിനില്ല. പക്ഷേ, തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിലൊന്ന് ശബരിമലയാണ് വിശ്വാസത്തിന്റെ പ്രശ്നമാണ്. ശബരിമല വിഷയത്തിൽ സി.പി.എം കള്ളക്കളി അവസാനിപ്പിക്കണം. ഈ സർക്കാർ മൂന്ന് ലക്ഷം അനധികൃത നിയമനങ്ങൾ നടത്തി.ഒരു മാർഗവും ഇല്ലാതായപ്പോഴാണ് ഉദ്യോഗാർത്ഥികൾ സമരത്തിനിറങ്ങിയത്. അല്ലാതെ സമരത്തിന് പിന്നിൽ കോൺഗ്രസ് അല്ല.സമരത്തെ അടിച്ചമർത്തുന്നത് ശരിയല്ല.റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണം.യാക്കോബായ- ഓർത്തഡോക്സ് തർക്കം സമാധാനപരമായി തീർക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. ഇരു വിഭാഗവുമായി ചർച്ച നടത്തും. മാണി സി കാപ്പൻ ഔദ്യോഗികമായി യു.ഡി.എഫ് നേതൃത്വത്തെ സമീപിച്ചിട്ടില്ലെന്നും അപ്പോൾ പരിഗണിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് എം.പിമാർ ആരും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.