പൗരത്വ, നാമജപ ഘോഷ യാത്ര കേസുകൾ പിൻവലിക്കണമെന്ന് ചെന്നിത്തല; പിണറായി മുഖ്യമന്ത്രിയായത് പിൻവാതിൽ നിയമനം നടത്തുന്നതിനെന്നും വിമർശനം

14

യുഡിഎഫ് അധികാരത്തില്‍ വന്നാൽ പൗരത്വനിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ നിയമ ഭേദഗതിക്കെതിരായി സമരം ചെയ്തവര്‍ക്കെതിരായ ആയിരക്കണക്കിന് കേസുകള്‍ നിലവിലുണ്ട്. അത് പിന്‍വലിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ടും സമാനമായ സമരം നടന്നു. നാമജപഘോഷയാത്ര നടത്തിയവരുടെ പേരില്‍ ആയിരക്കണക്കിന് കേസുകള്‍ നിലവിലുണ്ട്. അതും പിന്‍വലിക്കണം. ഈ രണ്ടുകാര്യങ്ങളും സര്‍ക്കാര്‍ ചെയ്തില്ലെങ്കില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഈ കേസുകള്‍ പിന്‍വലിക്കും. ചെന്നിത്തല പറഞ്ഞു. 

മുഖ്യമന്ത്രി പിണറായി വിജയന്‍ പിഎസ്‌സി റാങ്ക് ഹോള്‍ഡേഴസുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. നാട്ടില്‍ നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങളെല്ലാം സ്ഥിരപ്പെടുത്താന്‍ വേണ്ടിയാണ് താന്‍ മുഖ്യമന്ത്രിയായത് എന്ന നിലയിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നത് പിന്‍വാതില്‍ നിയമനം നടത്തിയവരെ സ്ഥിരപ്പെടുത്താനാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് റാങ്ക് ലിസ്റ്റിലുളള തൊഴില്‍രഹിതരോടുളള വെല്ലുവിളിയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്ന ഫയലുകള്‍ കുന്നുകൂടി കിടക്കുമ്പോഴാണ് പാര്‍ട്ടിക്കാരേയും വേണ്ടപ്പെട്ടവരേയും കൂട്ടമായി സ്ഥിരപ്പെടുത്താനുളള ഫയലുകള്‍ ശരവേഗത്തില്‍ നീങ്ങിയത്. ഇതിനായി ശനിയും ഞായറും സെക്രട്ടറിയേറ്റ് പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.