മാധ്യമ അഭിപ്രായ സർവേകൾക്കെതിരെ വീണ്ടും വിമർശനവുമായി രമേശ്‌ ചെന്നിത്തല: ഭരണമാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ വികാരത്തെ ആട്ടിമറിക്കാൻ ശ്രമമെന്ന് വിമർശനം, പ്രതിപക്ഷ നേതാവിനെ കരിവാരിത്തേക്കുന്നുവെന്നും ചെന്നിത്തല; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും

5

സര്‍വേ നടത്തി ഭരണമാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ വികാരത്തെ അട്ടിമറിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സിപിഎമ്മിന്റെ നേതൃത്വത്തിലുണ്ടാക്കിയിരിക്കുന്ന ഒരു കിഫ്ബി സര്‍വേയാണ്. 200 കോടിയുടെ രൂപയുടെ പരസ്യമാണ് ഗവണ്‍മെന്റിന്റെ അവസാനകാലത്ത് നല്‍കിയത്. അതിന്റേ പേരില്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നത് ജനാധിപത്യത്തിന് ആപല്‍ക്കരമാണെന്നു ഇതാണ് നരേന്ദ്ര മോദി ഡല്‍ഹിയില്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സ്ഥാനാര്‍ഥി വരുന്നതിന് മുമ്പ്, പ്രകടന പത്രിക വരുന്നതന് മുമ്പ്, നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പോലും സര്‍വേ നടത്തിയെന്ന് പറഞ്ഞ് യുഡിഎഫിനെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. ഗവണ്‍മെന്റിന്റെ പണക്കൊഴിപ്പിനെ മാത്രമല്ല, ചില മാധ്യമങ്ങളുടെ കല്ലേറിനേയും യുഡിഫിന് നേരിടേണ്ടിവരുന്നു. വന്ന എല്ലാ സര്‍വേകളിലും പ്രതിപക്ഷ നേതാവിനെ ബോധപൂര്‍വം കരിതേച്ച് കാണിക്കാനുള്ള ശ്രമം നടന്നു. താന്‍ ഉന്നയിക്കുന്ന വിഷയങ്ങളും ആരോപണങ്ങളും വളച്ചൊടിക്കാന്‍ ശ്രമം നടത്തിയെന്നും ചെന്നിത്തല ആരോപിച്ചു.

ചോദ്യങ്ങള്‍ സര്‍ക്കാരിന് അനൂകൂലമായി പടച്ചുണ്ടാക്കുന്നു. ഇതൊരു അജണ്ടയാണ്. ജനങ്ങളുടെ മുന്നില്‍ ഈ ഗവണ്‍മെന്റിന് ഒരു റേറ്റിങ്ങുമില്ല. അവര്‍ക്ക് മുന്നില്‍ ഗവണ്‍മെന്റിന്റെ റേറ്റിങ് വളരെ താഴെയാണ്. അത് ചില മാധ്യമങ്ങള്‍ ബോധപൂര്‍വം റേറ്റിങ് വര്‍ധിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് അനീതിയാണ്. ഞങ്ങള്‍ ഈ സര്‍വേകളെ തള്ളിക്കളയുന്നു. ഇതില്‍ യുഡിഎഫിന് വിശ്വാസമില്ല. ഇത് ബോധപൂര്‍വം യുഡിഎഫിനെ തകര്‍ക്കാനുള്ള ശ്രമമാണ്. ചെന്നിത്തല പറഞ്ഞു. 

എകിസ്റ്റ് പോളുകള്‍ അല്ലാത്ത സര്‍വേകള്‍ നിരോധിക്കാന്‍ പറ്റില്ല എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. ഇത് ഏതാണ്ട് ഒരു എകിസിറ്റ് പോളുകളുടെ സ്വഭാവത്തിലുള്ളതാണ്. മണ്ഡലം തോറും സര്‍വേ നടത്തിയാല്‍ എക്‌സിറ്റ് പോളല്ലാതെ മറ്റെന്താണെന്ന് ചോദിച്ച ചെന്നിത്തല കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ചെന്നിത്തല വ്യക്തമാക്കി.