സ്പീക്കർ ഭരണപക്ഷത്തിന്റെ വക്താവാകരുത്: നിയമസഭയുടെ ചരിത്രം ചൂണ്ടിക്കാട്ടി എ.എന്‍ ഷംസീറിന് രമേശ് ചെന്നിത്തലയുടെ കത്ത്

6

നിയമസഭയുടെ ചരിത്രം ചൂണ്ടിക്കാട്ടി സ്പീക്കര്‍ എ.എന്‍ ഷംസീറിന് രമേശ് ചെന്നിത്തലയുടെ കത്ത്. പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുന്ന നടപടികളില്‍ നിന്ന് സ്പീക്കര്‍ പിന്മാറണമെന്ന് ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നു. ഏറ്റവും കൂടുതല്‍ അടിയന്തര പ്രമേയങ്ങള്‍ അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ പോലും അനുമതിയില്ലാതെ തള്ളിയതിന്റെ റെക്കോര്‍ഡ് ഷംസീറിന് സ്വന്തമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.കേരള പിറവിക്ക് ശേഷമുള്ള അടിയന്ത പ്രമേയങ്ങളുടെയും അവ നിരാകരിച്ചതിന്റെയും ചര്‍ച്ച ചെയ്തതിന്റെയും കണക്കുകള്‍ അക്കമിട്ട് നിരത്തിയാണ് സ്പീക്കര്‍ക്കുള്ള ചെന്നിത്തലയുടെ കത്ത്. സ്പീക്കര്‍ സര്‍ക്കാരിന്റെ വക്താവായി മാത്രം ചുരുങ്ങരുതെന്നും കത്തില്‍ ആവശ്യമുണ്ട്.234 ദിവസം നിയമസഭ സമ്മേളിച്ച ഉമ്മന്‍ചാണ്ടിയുടെ കാലത്ത് അവതരിപ്പിച്ച 191 അടിയന്തര പ്രമേയങ്ങളില്‍ അംഗങ്ങളെ കേള്‍ക്കാതെ തള്ളിയത് ഏഴ് എണ്ണമാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 174 അടിയന്തര പ്രമേയ നോട്ടീസില്‍ അംഗത്തിന് സംസാരിക്കാന്‍ അവസരം നല്‍കാതെ തള്ളിയത് എട്ടെണ്ണം മാത്രമാണ്. ഒരു സമ്മേളനത്തില്‍ തന്നെ പ്രതിപക്ഷത്തിന്റെ ആറ് അടിയന്തര പ്രമേയങ്ങള്‍ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ സ്പീക്കര്‍ തള്ളിയത് ചരിത്രത്തില്‍ ഇതാദ്യമാണെന്നും കത്തില്‍ വിമര്‍ശിക്കുന്നു. ഇതുവരെയുള്ള എട്ട് സമ്മളനങ്ങളിലായി 110 ദിവസങ്ങള്‍ക്കിടെ 11 അടിയന്തര പ്രമേയങ്ങള്‍ അംഗങ്ങളെ കേള്‍ക്കാതെ തള്ളിയതെന്നും സ്പീക്കര്‍ക്കുള്ള കത്തില്‍ രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടുന്നുണ്ട്.

Advertisement
Advertisement