രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ടി.എൻ പ്രതാപൻ; പ്രതാപന്റേത് അതിര് വിട്ട നടപടിയെന്ന് എ ഗ്രൂപ്പ്

178

രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ഐ ഗ്രൂപ്പ്. യു.ഡി.എഫിന്റെ ഐശ്വര്യയാത്രയിലാണ് ഗ്രൂപ്പ് നേതാക്കൾ പ്രചാരണം ശക്തമാക്കിയത്. ചേർപ്പിൽ നൽകിയ സ്വീകരണത്തിലാണ് ടി.എൻ പ്രതാപൻ എം.പി ചെന്നിത്തലയെ അടുത്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രിയാവുമ്പോൾ പിന്തുണയ്ക്കാൻ നാട്ടിക മണ്ഡലത്തിൽനിന്നും എം.എൽ.എ ഉണ്ടാവുമെന്നായിരുന്നു പ്രതാപന്റെ പ്രഖ്യാപനം.

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ യുഡിഎഫിന്റെ പ്രചാരണ സമിതി ചെയർമാനാക്കിയതോടെ മുഖ്യമന്ത്രിസ്ഥാനാർഥിയെ സംബന്ധിച്ച എ ഐ തർക്കത്തിന് പുതിയ മാനമാണ് ഇതോടെ തുടങ്ങിയത്. പ്രതാപന്റെ പരാമർശത്തിനെതിരെ എ ഗ്രൂപ്പ് അമർഷത്തിലാണ്. പ്രതിപക്ഷ നേതാവായിരിക്കെ പ്രതിപക്ഷം പരാജയമാണെന്ന് വിലയിരുത്തിയാണ് ഉമ്മൻചാണ്ടിയെ നേതൃസ്ഥാനത്ത് നിയോഗിച്ച് ചുമതല നൽകിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഇക്കാര്യത്തിൽ പ്രതികരണങ്ങൾ മതിയെന്ന് എ.ഐ.സി.സിയും കെ.പി.സി.സിയും നിർദേശിച്ചിരുന്നു. പ്രതാപന്റെ പരസ്യ പ്രതികരണം അതിര് വിട്ടതാണെന്ന പ്രതിഷേധത്തിലാണ് എ ഗ്രൂപ്പ്.