കാലം മാറിയത് ഓർമ വേണം: ലീഗിനോട്‌ കോടിയേരി; ബി.ജെ.പിക്ക് ബദലാവാൻ കോൺഗ്രസിന് കഴിയില്ലെന്നും വിമർശനം

8

വഖഫ് വിഷയത്തില്‍ സമസ്ത കൈവിട്ടതിലെ ജാള്യത മറക്കാന്‍ മുസ്ലിം ലീഗ് രണ്ടാം വിമോചന സമരത്തിന് ശ്രമിക്കുകയാണെന്ന്  സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 

Advertisement

ലീഗ് പല സംഘടനകളേയും ഒരുമിച്ചുകൂട്ടി കലാപത്തിന് കോപ്പു കൂട്ടുകയാണ്. രണ്ടാം വിമോചന സമരത്തിനാണ് ശ്രമമെങ്കില്‍ അക്കാലമെല്ലാം കഴിഞ്ഞെന്നും അന്നത്തെ കേരളമല്ല ഇന്നുള്ളതെന്നും കോടിയേരി ഓര്‍മിപ്പിച്ചു. സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി. 

ബി.ജെ.പിക്ക് ബദലാവാന്‍ കോണ്‍ഗ്രസിന് കഴിയില്ല. അവരും വര്‍ഗീയതയുടെ പുറകെ പോകുകയാണ്. ഇന്ത്യ ഹിന്ദുവിന്റേതാണ് എന്നതാണ് രാഹുല്‍ ഗാന്ധിയടക്കം പറഞ്ഞത്. കോണ്‍ഗ്രസ്സിന്റെ സമീപനം ബി.ജെ.പിയെ നേരിടാന്‍ പറ്റുന്നതല്ല. കോണ്‍ഗ്രസ് ഭരിച്ച പോലെയും ബിജെപി ഭരിക്കുന്നത് പോലെയും ഇടതുപക്ഷം ഭരിക്കണമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ അങ്ങനെ ഭരിക്കാനല്ല ജനങ്ങള്‍ ഇടതുപക്ഷത്തെ തിരഞ്ഞെടുത്തത്. സമഗ്ര വികസനമാണ് ലക്ഷ്യം. അതില്‍ അനിഷ്ടമുള്ള ചിലരാണ് ഇപ്പോള്‍ കെ-റെയിലിനെതിരേ രംഗത്ത് വരുന്നതെന്നും കോടിയേരി പറഞ്ഞു. 

കെ-റെയിലിനെതിരായ സമരം രാഷ്ട്രീയമാണ്. ഭൂമി കൊടുക്കുന്ന ആളുകള്‍ക്ക് കണ്ണീര്‍ കുടിക്കേണ്ടി വരില്ല. നാലിരട്ടി നഷ്ടപരിഹാരം മുനിസിപ്പാലിറ്റികളും രണ്ടിരട്ടി നഷ്ടപരിഹാരം പഞ്ചായത്തുകളും നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisement