പെൺകുട്ടിയെ പരസ്യമായി അപമാനിച്ച സമസ്ത നേതാവിന്റെ നടപടി സ്ത്രീവിരുദ്ധവും അപരിഷ്കൃതവും: രൂക്ഷമായി വിമർശിച്ച് വനിതാ കമ്മിഷൻ

40

പെരിന്തല്‍മണ്ണയിൽ മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ വെച്ച് പെൺകുട്ടിയെ  മത നേതാവ് അപമാനിച്ച സംഭവത്തിൽ അപലപിച്ച് സംസ്ഥാന വനിതാ കമ്മിഷന്‍. വിദ്യാര്‍ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ വേദിയിലുണ്ടായിരുന്ന സമസ്ത വൈസ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം തീര്‍ത്തും അപലപനീയമാണെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പ്രതികരിച്ചു. 

Advertisement

സ്ത്രീസാക്ഷരതയില്‍ മുന്നിട്ട് നില്‍ക്കുന്ന കേരളത്തില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു നല്‍കിയ ഒരു പുരസ്‌കാരം സ്വീകരിക്കാന്‍ പെണ്‍കുട്ടിക്ക് വിലക്ക് കല്‍പ്പിക്കുന്ന മതനേതൃത്വത്തിന്റെ നീക്കം ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. സമൂഹത്തെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് പിന്തിരിഞ്ഞു നടത്തിക്കാനുള്ള മതനേതൃത്വത്തിന്റ നീക്കങ്ങള്‍ക്കെതിരേ സമൂഹ മനഃസാക്ഷി ഉണരണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

രാമപുരം പാതിരമണ്ണ  ദാറുല്‍ ഉലൂം മദ്രസയുടെ കെട്ടിട ഉദ്ഘാടന ചടങ്ങിലാണ് സംഭവം. വിദ്യാഭ്യാസരംഗത്തെ നേട്ടത്തിന് ഉപഹാരം നല്‍കാനാണ് പത്താം തരം വിദ്യാര്‍ത്ഥിനിയെ സ്റ്റേജിലേക്ക് ക്ഷണിച്ചത്. ഇനി മേലില്‍ പെണ്‍കുട്ടികളെ സമസ്തയുടെ പൊതുവേദിയിലേക്ക് ക്ഷണിച്ചാല്‍ കാണിച്ചു തരാം എന്നാണ് സംഘാടകരെ എം ടി അബ്ദുള്ള മുസ്ല്യാര്‍ ശാസിച്ചത്.

Advertisement