മാണി സി. കാപ്പനെതിരെ എൻ.സി.പി ദേശീയ നേതൃത്വത്തിന് മന്ത്രി എ.കെ. ശശീന്ദ്രന്റെ പരാതി: മുന്നണി മാറ്റം ഏകപക്ഷീയമായി പ്രഖ്യാപിച്ചുവെന്ന് പരാതിയിൽ; എൽ.ഡി.എഫ് വിടുന്നത് ചർച്ച നടത്തിയിട്ടില്ലെന്ന് ശശീന്ദ്രൻ മാധ്യമങ്ങളോട്

6

മാണി സി. കാപ്പനെതിരെ മന്ത്രി എ.കെ. ശശീന്ദ്രന്‍ എന്‍.സി.പി. ദേശീയ നേതൃത്വത്തിന് പരാതി നല്‍കി. ഏകപക്ഷീയമായാണ് മുന്നണി മാറ്റമെന്ന തീരുമാനം കാപ്പന്‍ പ്രഖ്യാപിച്ചത്. പാര്‍ട്ടിയില്‍ ഒരു തരത്തിലുള്ള കൂടിയാലോചനകളും നടന്നിട്ടില്ല. മുന്നണി മാറ്റത്തില്‍ പുനരാലോചന വേണമെന്നും ശശീന്ദ്രന്‍ പരാതിയില്‍ പറഞ്ഞു.

അതേസമയം, എല്‍.ഡി.എഫ്. വിട്ട് വേറെ ഏതെങ്കിലും മുന്നണിയില്‍ പോകുന്നതുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വമോ സംസ്ഥാന നേതൃത്വമോ ഇതുവരെ ഒരു ചര്‍ച്ച പോലും നടത്തിയിട്ടില്ലെന്ന് ശശീന്ദ്രന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. കേള്‍ക്കുന്നത് വ്യക്തിപരമായ പ്രതികരണങ്ങളാണ്. വ്യക്തിപരമായ പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു നിരീക്ഷണത്തിന് താന്‍ ഇപ്പോള്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാണി സി കാപ്പന്‍ മുന്നണി വിടുമെന്ന് കരുതുന്നില്ല. കാപ്പന്‍ എന്‍സിപിയില്‍ തന്നെ തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി നേതൃത്വത്തിന് പരാതിയല്ല നല്‍കിയത് കേരളത്തില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടിങ് ആണെന്നും ശശീന്ദ്രന്‍ പറഞ്ഞു. ചില അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെന്നും അതൊന്ന് മനസ്സിലാക്കിയാല്‍ തരക്കേടില്ലെന്നും കഴിഞ്ഞ കൂടിക്കാഴ്ചയില്‍ പറയുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.