സുധാകരന്റെ പരസ്യ ഭീഷണി: മാധ്യമങ്ങളുടെ തലയിൽ ചാരി ചെന്നിത്തലയുടെ മലക്കം മറിച്ചിൽ; സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ല, ആരെയും ആക്ഷേപിക്കുന്നയാളല്ല സുധാകരനെന്നും ചെന്നിത്തല

25

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ സുധാകരനെതിരെ പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഇരുട്ടി വെളുത്തപ്പോൾ നിലപാട് മാറ്റി. കെ.സുധാകരനെ തള്ളിപ്പറഞ്ഞുവെന്ന ആരോപണം ശരിയല്ലെന്നും താൻ പൊതുവായി പറഞ്ഞ കാര്യത്തെ തെറ്റായി നൽകുകയായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെയും ധൂര്‍ത്തിനെയും പറ്റിയാണ് അദ്ദേഹം പരാമര്‍ശിച്ചത്. സുധാകരനുമായി ഫോണില്‍ സംസാരിച്ചിരുന്നു. സുധാകരന്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നയാളല്ലെന്നും കോൺഗ്രസിന്റെ സമ്പത്താണ് സുധാകരനെന്നും വിവാദം അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂർ തലശേരിയിലെ സ്വീകരണ യോഗത്തിലായിരുന്നു സുധാകരന്റെ മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപം. ഷാനിമോൾ ഉസ്മാൻ എം.എൽ.എ സുധാകരൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രമേശ്‌ ചെന്നിത്തല സുധാകരന്റെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പറഞ്ഞത്. ചെന്നിത്തലയുടെ നിലപാട് മാറ്റത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചായിരുന്നു സുധാകരൻ രംഗത്ത് വന്നത്.