ശബരിമല വിഷയത്തിൽ നിങ്ങളെന്തു ചെയ്തു: സുരേഷ്‌ഗോപിയോട് ചോദ്യങ്ങളുമായി മുൻ ഹിന്ദു ഐക്യവേദി നേതാവ്

103

ശബരിമല വിഷയം ഉയർത്തിയുള്ള തൃശൂർ നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർഥി സുരേഷ്ഗോപിയോട് ചോദ്യങ്ങളുമായി ഹിന്ദു ഐക്യവേദി മുൻ ജനറൽ സെക്രട്ടറി. സമീപകാലത്ത് നടപടി നേരിട്ട കെ.കേശവദാസ് ആണ് സുരേഷ്ഗോപിയോട് അഞ്ച് ചോദ്യങ്ങൾ സമൂഹമാധ്യമത്തിൽ ചോദിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് പൂർണമായി വായിക്കാം

സുരേഷ് ഗോപിക്ക് ഒരു തുറന്ന കത്ത്

നമസ്ക്കാരം,
അങ്ങയുടെ സാമൂഹ്യ ഇടപെടലുകളേയും മനുഷ്യത്വപരമായ നിലപാടുകളേയും അത്യന്തം ബഹുമാനത്തോടും ആദരവോടും കൂടി നോക്കിക്കാണുന്ന വ്യക്തിയാണ് ഞാൻ . അങ്ങയുടെ വ്യക്തിത്വത്തിന് മാത്രം പ്രാധാന്യം നൽകി കൊണ്ടുള്ള പ്രചരണ രീതി കണ്ടതുകൊണ്ടാണ് ചില കാര്യങ്ങൾ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നത്. പല കാര്യങ്ങളും താങ്കളിൽ നിന്നും ബോധപൂർവം മറച്ചുവെക്കാനുള്ള ശ്രമത്തിനോടൊപ്പം ചില കാര്യങ്ങളിൽ നിന്ന് താങ്കളും ബോധപൂർവം ഒഴിഞ്ഞു മാറുന്നുണ്ടോ എന്ന് ഒരു സംശയം.

തിരുവമ്പാടി ക്ഷേത്രവുമായ വിഷയത്തിലും , അങ്ങയുടെ കഴിഞ്ഞ തിരഞ്ഞെടുപ്പു പ്രചരണവുമായി ബന്ധപ്പെട്ട് പാവപ്പെട്ട തൊഴിലാളികൾക്ക് കൊടുക്കാനുള്ള തുക നൽകാത്തത് സംബന്ധിച്ചും , ഞാനടക്കമുള്ള പല പ്രധാന പ്രവർത്തകരുടെ വിഷയങ്ങൾ ഉൾപ്പെടെ പല കാര്യങ്ങളിലും അങ്ങയിൽ നിന്നും ഇത്തരം നിസ്സംഗ മനോഭാവം ഞങ്ങൾ പ്രതീക്ഷിച്ചില്ല. പൊതു ഇടപെടലുകൾ നടത്തിയിരുന്നപ്പോൾ കൃത്യവും വ്യക്തവുമായ നിലപാടുകൾ എടുത്തിരുന്ന ഒരു സുരേഷ് ഗോപിയെയല്ല ഇപ്പോൾ കാണാൻ സാധിക്കുന്നത്. ആർക്കോ വേണ്ടി ആരൊക്കെയോ പറയുന്നത് കേട്ട് നടക്കുന്ന ഒരു സൂപ്പർ സ്റ്റാറിനെയല്ല തൃശൂർ പ്രതീക്ഷിക്കുന്നത്.

അങ്ങ് പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങളോട് നീതി പുലർത്തുന്നുണ്ടെങ്കിൽ ഒരു കാര്യം വ്യക്തമാക്കിയാൽ നന്ന്. ഈ തിരഞ്ഞെടുപ്പിൽ താങ്കളടക്കം ഉന്നയിക്കുന്ന പ്രധാന വിഷയം ശബരിമലയാ ണ്. ആ വിഷയത്തിൽ താങ്കൾ മത്സരിക്കുന്ന തൃശൂർ നഗരത്തിൽ ഏറ്റവും ആത്മാർത്ഥമായും ശക്തമായും പ്രതികരണങ്ങൾ നടത്തി യാതന അനുഭവിച്ച വ്യക്തിയാണ് ഞാൻ. കോടതി വിധി വന്നപ്പോൾ ഞാൻ പ്രതിനിധാനം ചെയ്തിരുന്ന സംഘടനയടക്കമുള്ള സംഘപരിവാർ പ്രസ്ഥാനങ്ങൾ സ്വാഗതം ചെയ്ത് മാറി നിന്നപ്പോൾ നഗരത്തിൽ ആദ്യമായി നാമ ജപയാത്ര സംഘടിപ്പിക്കുകയും , ഞങ്ങൾ വളരെ കുറച്ച് ആളുകൾ മാത്രം രാപ്പകലില്ലാതെ സന്നിധാനത്ത് ആചാര സംരക്ഷണത്തിനായി നില കൊണ്ടതും ഇവിടുത്തെ പാർട്ടി ഭാരവാഹികൾക്ക് അറിയാത്തതല്ല. ഞങ്ങളോടൊപ്പം മുഴുവൻ സമയവും സന്നിധാനത്തുണ്ടായിരുന്ന ഏക മാളികപ്പുറമായ, നിങ്ങൾ പുറത്താക്കിയ മുൻ കോർപ്പറേഷൻ കൗൺസിലറെ ശബരിമല കർമ്മസമിതി ആദരിച്ചത് ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്. ശബരിമല വിഷയത്തിൽ ധാരാളം കേസ്സുകളിൽ പ്രതിയായെന്നു മാത്രമല്ല , എന്നെ കിട്ടാത്തതു കൊണ്ട് നിരപരാധിയായ എൻ്റെ അനുജനെ വരെ പോലീസ് കൊണ്ടുപോയ സാഹചര്യം ഉണ്ടായി. അതിനു ശേഷം ഒരു വർഷം നല്ല നടപ്പിനു ശിക്ഷിക്കപ്പെട്ട തൃശൂർ നഗരത്തിലെ ഏക വ്യക്തിയാണ് ഞാൻ. അങ്ങയെ കൊണ്ടു നടക്കുന്നവർ ഇതെല്ലാം അറിഞ്ഞിട്ടും ബോധപൂർവം എൻ്റെ വീടിന് മുന്നിൽ വരെ അങ്ങയെ കൊണ്ടുവന്നത് യാദൃശ്ചികമല്ല.

ഈ സാഹചര്യത്തിൽ അങ്ങയോട് ചില സംശയങ്ങൾ ന്യായമായും ചോദിക്കേണ്ടി വരുകയാണ്.

1) അങ്ങ് പ്രതിനിധാനം ചെയ്യുന്ന രാജ്യസഭയിൽ വിഷയം ഉന്നയിച്ചിരുന്നോ ?
2) ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്തണമെന്ന് എപ്പോഴെങ്കിലും രാജ്യസഭയിൽ ഉന്നയിച്ചിട്ടുണ്ടോ ?
3) യാതനകളനുഭവിച്ച പ്രവർത്തകരേയും കുടുംബാംഗങ്ങളേയും സമാശ്വസിപ്പിക്കാൻ എന്തെങ്കിലും ചെയ്യാൻ സാധിച്ചിരുന്നോ ?
4) ഏതെങ്കിലും പ്രതിഷേധ പരിപാടികൾക്ക് അങ്ങ് നേതൃത്വം കൊടുത്തിട്ടുണ്ടോ ?
5) ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അങ്ങ് എത്ര കേസുകളിൽ പ്രതിയായിട്ടുണ്ട് ?

ഇതൊരു ഓർമ്മപ്പെടുത്തൽ മാത്രമാണ് . പൊതുപ്രവർത്തനവും സംഘടനാ പ്രവർത്തനവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ മാത്രം ….. മറുപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിട്ടില്ല