മേയറെ നേരിൽ കണ്ട് ചർച്ച നടത്തി സുരേഷ്ഗോപി: ശക്തന്‍ വികസനത്തിന് സഹായം; മാസ്റ്റർ പ്ളാൻ നവംബര്‍ 15ന് മുമ്പ് നല്‍കുമെന്ന് മേയര്‍; വോട്ട് വാങ്ങി ജയിച്ചു പോയ ‘തൃശൂർ എം.പി’ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ടി.എൻ പ്രതാപന് മേയറുടെ വിമർശനം

23

തൃശൂർ ശക്തൻ മാർക്കറ്റിൻ്റെ വികസനത്തെക്കുറിച്ച് സുരേഷ് ഗോപി എം.പി കോർപറേഷനിൽ നേരിട്ടെത്തി മേയറുമായി ചർച്ച നടത്തി. ഒരു മണിക്കൂർ നീണ്ട ചർച്ചയിൽ ശക്തൻ മാർക്കറ്റിൻ്റെ വികസനത്തിനായി ഒരു കോടി രൂപ അനുവദിച്ച തീരുമാനം സുരേഷ് ഗോപി നേരിട്ടറിയിച്ചു. ഏതെങ്കിലും കാരണവശാൽ എം.പി ഫണ്ടിന് തടസം നേരിട്ടാൽ മകൾ ലക്ഷമിയുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് പണം നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. 50 ലക്ഷം  വീതം പച്ചക്കറി മാർക്കറ്റിലും മത്സ്യ മാർക്കറ്റിലും ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെയുള്ള മാതൃകാപരമായ ഓരോ ബ്ലോക്കുകൾ നിർമ്മിക്കുവാനാണ് ലക്ഷ്യമിടുന്നതെന്നും സുരേഷ്ഗോപി അറിയിച്ചു. ശക്തനിലെ 36 ഏക്കര്‍ സ്ഥലം മൊത്തത്തില്‍ എടുത്ത് സമഗ്രമായ വികസനമാണ് ഉദ്ദേശിക്കുന്നതെന്ന് മേയര്‍ സുരേഷ്ഗോപിയെ അറിയിച്ചു. മുമ്പുണ്ടായിരുന്ന ഗ്രേറ്റ് ശക്തന്‍ പദ്ധതിയെക്കുറിച്ചും മേയര്‍ സുരേഷ്‌ഗോപിയോട് സൂചിപ്പിച്ചു. 700 കോടിമുടക്കിയുള്ള ശക്തന്‍ വികസനമാണ് ഇതില്‍ വിഭാവനം ചെയ്തിരുന്നത്. ഇതിന് കേന്ദ്രസഹായം അനുവദിക്കാനാവുമോയെന്ന് മേയർ അറിയിച്ചു. പദ്ധതി ഒഴിവാക്കേണ്ടെന്നും കേന്ദ്ര സർക്കാരിൽ ഇത് അംഗീകരിക്കാനാവുമോയെന്ന് പരിശ്രമിക്കുമെന്നും സുരേഷ് ഗോപി അറിയിച്ചതായി മേയർ പറഞ്ഞു. ഫെബ്രുവരിയിലെങ്കിലും നിർമ്മാണം ആരംഭിക്കണമെങ്കിൽ നവംബറിന് മുമ്പായി പ്രോജക്ട് പ്ലാൻ നൽകണമെന്ന സുരേഷ്ഗോപിയുടെ അഭ്യർഥനക്ക് ശക്തൻനഗർ വികസനത്തിൻറെ മാസ്റ്റർ പ്ളാൻ തന്നെ നൽകാമെന്ന് മേയർ അറിയിച്ചു. മേയര്‍ക്കൊപ്പം സി.പി.എം നേതാവും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി.കെ.ഷാജന്‍, കൗൺസിലിലെ കോൺഗ്രസ് കക്ഷി നേതാവ് കൂടിയായ കൗൺസിലർ എന്‍.എ ഗോപകുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സുരേഷ്‌ഗോപിക്കൊപ്പം ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് കെ.കെ.അനീഷ്‌കുമാര്‍, മണ്ഡലം പ്രസിഡണ്ട് രഘുനാഥ് സി.മേനോന്‍, കൗൺസിലർമാരായ എന്‍.പ്രസാദ്, ഡോ.വി.ആതിര, കെ.ജി.നിജി, എം.വി.രാധിക, പൂര്‍ണ്ണിമ സുരേഷ്, വിന്‍ഷി അരുണ്‍കുമാര്‍ എന്നിവരാണ് കൂടിയെുണ്ടായിരുന്നത്.

തൃശൂരിലെ എം.പി ഇതുവരെയും സമീപിച്ചില്ല-മേയർ


വോട്ട് വാങ്ങി വിജയിച്ച് പോയ തൃശൂരിലെ എം.പി കോർപ്പറേഷൻ വികസന പ്രവർത്തനങ്ങളുമായി ഇതുവരെയും സമീപിച്ചില്ലെന്ന് മേയർ എം.കെ വർഗീസ്. കോർപ്പറേഷൻ അറിയിച്ച യോഗങ്ങളിൽ പോലും അദ്ദേഹം പങ്കെടുക്കുന്നില്ല. അതേ സമയം രാജ്യസഭാ എം.പിയായ സുരേഷ്ഗോപി കോർപ്പറേഷനെ സഹായിക്കാൻ സന്നദ്ധത അറിയിക്കുകയും കോർപ്പറേഷൻ ഓഫീസിൽ നേരിട്ടെത്തി ചർച്ച നടത്തുകയും ചെയ്യുന്നത് സ്വാഗതാർഹമായ കാര്യമാണെന്നും മേയർ അറിയിച്ചു.