കോൺഗ്രസിനെ നാണം കെടുത്തി മുൻ മന്ത്രിയുടെ മകൾ: തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചതിന് പോലീസ് കേസെടുത്തു; ബുദ്ധി ഉപദേശിച്ചത് പണിയില്ലാത്ത മുൻ എം.എൽ.എ, പരാതി നൽകിയത് കോൺഗ്രസ് നേതാവ്, പുറത്താക്കിയില്ലെങ്കിൽ കൂട്ട രാജി ഭീഷണിയുമായി എ.ഐ.സി.സിക്കും കെ.പി.സി.സിക്കും പരാതി, പ്രതികരണമില്ലാതെ കോൺഗ്രസ് നേതൃത്വം

1010

രാഷ്ട്രീയ എതിരാളികൾ ഇല്ലാത്ത അവിണിശേരിയിലെ കേരള ഖാദി ഗ്രാമ വ്യവസായ അസോസിയേഷനിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചുവെന്ന പരാതിയിൽ കോൺഗ്രസ്‌ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. മുൻമന്ത്രി  സി.എൻ ബാലകൃഷ്‌ണന്റെ മകളും അസോസിയേഷൻ നിലവിലെ പ്രസിഡന്റുമായ സി.ബി ഗീത, വരണാധികാരിയായിരുന്ന യൂത്ത്‌ കോൺഗ്രസ്‌ നേതാവ് അഡ്വ. ശ്യാമിനും ബാലറ്റ് പെട്ടി നിർമിച്ചയാൾക്കുമെതിരെയാണ്‌ നെടുപുഴ പൊലീസ്‌ കേസെടുത്തത്‌. നിലവിലെ സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ വി കേശവന്റെ നേതൃത്വത്തിലുള്ള പാനൽ നൽകിയ പരാതിയിലാണ്‌ കേസ്‌. സി.എൻ ബാലകൃഷ്ണൻ മരിക്കുവോളം പരാതികൾക്കിട നൽകാതെയും തൊഴിലാളി സൗഹൃദത്തോടെയും കൊണ്ട് നടന്നിരുന്ന ഖാദി അസോസിയേഷൻ സി.എന്നിന്റെ മരണത്തോടെ മകൾ കയറിപ്പറ്റുകയായിരുന്നു. രാഷ്ട്രീയ എതിരാളികളായി സി.പി.എം ബി.ജെ.പി കക്ഷികളൊന്നും ഇല്ലാത്ത ഖാദി അസോസിയേഷനിൽ കോൺഗ്രസ് ചേരിതിരിഞ്ഞായിരുന്നു മൽസരം. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്.

Advertisement
FB IMG 1659321003039
അവിണിശേരിയിലെ കേരള ഖാദി അസോസിയേഷൻ ആസ്ഥാനം

വോട്ടെണ്ണുന്നതിനായി പെട്ടി പൊളിച്ചപ്പോൾ അടിപ്പലകയുടെ അടിയിലായി മുകളിലേക്ക് കുരുങ്ങി നിന്ന നിലയിൽ കണ്ട ബാലറ്റ് പേപ്പറിന്റെ ഭാഗമാണ് കള്ളത്തരം പൊളിച്ചത്. ഇതെടുക്കാൻ ശ്രമിച്ചതോടെ പലകക്കടിയിൽ കൂടുതൽ വോട്ടുകൾ കണ്ടെത്തുകയായിരുന്നു.196 വോട്ടാണ് അസോസിയേഷനിലുള്ളത്. ഇതനുസരിച്ച് 200 ബാലറ്റുകൾ അച്ചടിക്കാനായിരുന്നു ഭരണസമിതിയുടെ തീരുമാനം. എന്നാൽ വരണാധികാരിയായിരുന്ന യൂത്ത് കോൺഗ്രസ് നേതാവിനെ സ്വാധീനിച്ച്‌ 50 ബാലറ്റ്‌ കൂടുതൽ അച്ചടിക്കുകയായിരുന്നു. ഈ 50 ബാലറ്റിൽ സി.ബി ഗീതയുടെ നേതൃത്വത്തിലുള്ള പാനലിന്‌ അനുകൂലമായി വോട്ട്‌ രേഖപ്പെടുത്തി പെട്ടിക്കുള്ളിലെ അറയിൽ നേരത്തെ തന്നെ നിക്ഷേപിച്ച് വെച്ചിരിക്കുകയായിരുന്നു. അറയുണ്ടാക്കുന്നതിന്‌ പെട്ടിയുണ്ടാക്കുന്നയാളെയും  സ്വാധീനിച്ചുവത്രെ. വോട്ടെടുപ്പിൽ ആദ്യ 50 പേർ വോട്ടുചെയ്യുന്നതുവരെ ഗീതയുടെ പാനലുകാർ വോട്ട്‌ രേഖപ്പെടുത്താതെ മാറി നിന്നു. 50 വോട്ട്‌ കഴിഞ്ഞപ്പോൾ ചായക്ക്‌ പിരിഞ്ഞു. ഈ സമയത്ത്‌ പെട്ടിക്കുള്ളിൽ പ്രത്യേകം സ്ഥാപിച്ച  പലക  ഉപയോഗിച്ച്‌ വോട്ട് ചെയ്ത യഥാർഥ ബാലറ്റുകളെ ഒളിപ്പിച്ച് പെട്ടിയിൽ പ്രത്യേക അറക്കുള്ളിൽ നേരത്തേ നിക്ഷേപിച്ച വോട്ടുകൾ പുറത്തിടുകയായിരുന്നു. വോട്ടെണ്ണൽ സമയത്ത്‌ ഇത്‌ കണ്ടെത്തിയതോടെ ചേരിതിരിഞ്ഞ് തർക്കവും സംഘർഷത്തിലുമായി. പരാതിയെത്തുടർന്ന്‌ നെടുപുഴ പൊലീസ്‌ പെട്ടി സീൽ ചെയ്‌ത്‌ സ്‌ട്രോങ് റൂമിലേക്ക്‌ മാറ്റിയിരുന്നു. പിന്നാലെയാണ് കേശവൻ പരാതി നൽകിയത്. തങ്ങളെ തോൽപ്പിക്കാൻ  വോട്ട്‌പെട്ടിക്കുള്ളിൽ അറ നിർമിച്ച്‌ 50 ബാലറ്റ്‌  ഒളിപ്പിച്ചുവെന്നാണ്‌ പരാതി. തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമവും വഞ്ചനാകുറ്റവും ചുമത്തിയാണ്‌ കേസെടുത്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അംഗത്തെ പാനലിൽ ഉൾപ്പെടുത്തി മത്സരിച്ചത് ഏറെ വിവാടത്തിനിടയാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തതായിരുന്നു കേശവൻ വിഭാഗം. ഇവരെ ഒതുക്കാനായിരുന്നു കള്ളവോട്ട് പരിപാടി. ഇതിനുള്ള ബുദ്ധി ഉപദേശിച്ചതും അണിയറ നീക്കങ്ങൾ നടത്തിയതും മുൻ എം.എൽ.എ ആയ നേതാവണത്രെ. ഡി.സി.സി അറിയാതെയാണ് തെരഞ്ഞെടുപ്പ് പാനൽ ഉണ്ടാക്കിയതെന്ന് നേതാക്കൾ പറയുന്നു. കെ.പി.സി.സിയുടെ പോലും നിർണായക തീരുമാനത്തിൽ പ്രധാനിയായിരുന്ന രാഷ്ട്രീയത്തിനതീതമായി ഏവരും ബഹുമാനിക്കുകയും ചെയ്തിരുന്ന സി.എൻ ബാലകൃഷ്ണന്റെ മകളിൽ നിന്നുമുണ്ടായത് കോൺഗ്രസിനെ നാണം കെടുത്തുന്നതാണെന്ന ആരോപണം ഉയർന്നു കഴിഞ്ഞു.

fb img 16596419237215862071066430920184
സി.എൻ ബാലകൃഷ്ണൻ

നേരത്തെ ബി.ജെ.പിക്കാരനെ ഉൾപ്പെടുത്തി പാനൽ ഉണ്ടാക്കിയതും ചൂണ്ടിക്കാണിച്ച് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സിക്കും കെ.പി.സി.സിക്കും ഒരു വിഭാഗം കത്ത് അയച്ചു. നടപടിയുണ്ടായില്ലെങ്കിൽ കൂട്ട രാജിയുണ്ടാവുമെന്നും കത്തിൽ മുന്നറിയിപ്പുണ്ട്. നേരത്തെ സി.എൻ ബാലകൃഷ്ണൻ ജീവിച്ചിരിക്കെ ആയിരുന്നു തൃശൂർ കോർപറേഷനിലേക്ക് ഗീതയെ മത്സരിപ്പിച്ചത്. മേയർ സ്ഥാനാർഥിയായിട്ടായിരുന്നു അവതരിപ്പിച്ചത്. എന്നാൽ ഭൂരിപക്ഷം ഇടതു പക്ഷത്തിനായതിനാൽ ഭരണം നേടാനായില്ല. ബിജെപിയുമായി കൂട്ട് ചേർന്ന് ഇടത് ഭരണം അട്ടിമറിച്ച് ഭരണം പിടിക്കാൻ നീക്കം നടത്തിയെങ്കിലും കോൺഗ്രസിൽ തന്നെ പരസ്യ എതിർപ്പുകൾ ഉയർന്നതോടെ പിന്മാറുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാല് ദിവസം കഴിഞ്ഞെങ്കിലും ഡിസിസി നേതൃത്വം ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

Advertisement