തൃക്കാക്കര നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം: കൗൺസിൽ ഹാളിലേക്ക് ചെയർപേഴ്സനെ പ്രവേശിപ്പിക്കാതെ പ്രതിപക്ഷം, ചേമ്പറിൽ യോഗം ചേർന്ന് ഭരണപക്ഷം

8

എറണാകുളം തൃക്കാക്കര നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. തൃക്കാക്കര നഗരസഭയിൽ കൗൺസിലിന്റെ അടിയന്തര യോഗത്തിനിടെ നാടകീയ രംഗങ്ങൾ. നഗരസഭാ അധ്യക്ഷ അജിതാ തങ്കപ്പനെ  കൗൺസിൽ യോഗം നടക്കേണ്ട ഹാളിലേക്ക് കടത്തിവിടാതെ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ യുഡിഎഫ് അംഗങ്ങൾ അധ്യക്ഷയുടെ ചേംമ്പറിനുള്ളിൽ കയറി. ഇവിടെ വെച്ച് കൗൺസിൽ യോഗം ചേർന്നുവെന്ന് നഗരസഭാ അധ്യക്ഷ അജിത അവകാശപ്പെട്ടു. എന്നാൽ സെക്രട്ടറി യോഗത്തിനെത്തിയിരുന്നില്ല. ചട്ടപ്രകാരം സെക്രട്ടറി പകരം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ യോഗം നിയന്ത്രിച്ചെന്നാണ് നഗരസഭാ അധ്യക്ഷയുടെ അവകാശവാദം. പൊലീസ് സംരക്ഷണത്തിലാണ് നഗരസഭാ അധ്യക്ഷ എത്തിയത്. ഓണസമ്മാന വിവാദത്തിൽ പ്രതിപക്ഷം കൗൺസിൽ ഹാളിൽ മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. നഗരസഭയുടെ 2021-22 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതി വിലയിരുത്താൻ വിളിച്ചു കൂട്ടിയ അടിയന്തര യോഗത്തിലാണ് പ്രതിഷേധം.

ഓണസമ്മാന വിവാദത്തിന് ശേഷം ചേരുന്ന ആദ്യ കൗൺസിൽ യോഗമായത് കൊണ്ട് യോഗം വലിയ പ്രതിഷേധങ്ങൾക്ക് വേദിയായി.