രാഹുൽഗാന്ധിയുടെ വരവ്: തൃശൂർ ഡി.സി.സി ഓഫീസിനെ ‘കാവി’യാക്കി; വിവാദമായപ്പോൾ പുലർച്ചെ തന്നെ പെയിന്റ് മാറ്റിയടിക്കൽ

309

തൃശൂർ ഡി.സി.സി ഓഫീസിന് കാവി പെയിന്റ് അടിച്ചു. രാഹുൽഗാന്ധിയുടെ  ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഓഫീസുകൾ മനോഹരമാക്കുന്നതിന്റെ ഭാഗമായി പെയിന്റിംഗ് നടക്കുകയാണ്. ഇതാണ് ഓഫീസിനെ ‘കാവി’ ആക്കിയത്. കാവി പെയിന്റ് അടിക്കുമ്പോൾ നേതാക്കളും സ്ഥലത്തുണ്ടായിരുന്നു. എന്നാൽ രാത്രിയിൽ ചർച്ചയായതോടെ അതി രാവിലെ തന്നെ തൊഴിലാളികളെ എത്തിച്ച് കാവി നിറം മാറ്റി അടിക്കുകയാണ്. വിവരം കോൺഗ്രസിന്റെ തന്നെ വാട്സ്ആപ് ഗ്രൂപ്പുകളിലും ചർച്ചയായിട്ടുണ്ട്. ഭാരത്‌ ജോഡോ യാത്രയുടെ തീം ആയി കാക്കി ട്രൗസറിന് തീ പിടിക്കുമ്പോൾ എന്ന് ഉയർത്തിയത് ഏറെ ചർച്ചയായിരുന്നു. എന്നാൽ കോൺഗ്രസ് ഒന്നടങ്കം ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന വിമർശനമായിരുന്നു ഇടത് സൈബർ പോരാളികൾ പരിഹസിച്ചിരുന്നത്. അതിനെ ശരി വെക്കുന്നതാണ് ഓഫീസിനെ കാവിയാക്കി നേതാക്കൾ ചെയ്തതെന്ന് കോൺഗ്രസ് ഗ്രൂപ്പുകളിൽ വിമർശനം. ബിജെപി ഓഫീസിന് സമാനമായിട്ടായിരുന്നു ഓഫീസിനെ കാവിയാക്കിയത്. ഇതാണ് വിവാദമയത്. തൊഴിലാളികൾക്ക് അബദ്ദം പറ്റിയതാണെന്നാണ് നേതാക്കൾ പറയുന്നത്. വിവാദമായതോടെ പെയിന്റ് വീണ്ടും മാറ്റി അടിക്കുകയാണ്. ഈ മാസം 22ന് ആണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ജില്ലയിൽ എത്തുന്നത്. 23ന് യാത്രക്ക് അവധിയും 24ന് ചാലക്കുടിയിൽ നിന്ന് യാത്ര തുടങ്ങി വൈകീട്ട് തൃശൂർ തേക്കിൻകാട് മൈതാനിയിൽ പൊതു സമ്മേളനവുമാണ്. 25ന് ചെറുതുരുത്തി കടന്ന് ജില്ലയിലെ പര്യടനം പൂർത്തിയാക്കി മടങ്ങും. ഓഫീസിനെ കാവിയാക്കിയ നേതാക്കളുടെ നടപടിക്കെതിരെ കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്.

Advertisement

Advertisement