ജോസ് വള്ളൂർ നാളെ ഡി.സി.സി പ്രസിഡന്റായി ചുമതലയേൽക്കും: പ്രചരണ ബോർഡുകളിൽ നിന്നും ഉമ്മൻചാണ്ടിയും ചെന്നിത്തലയും ‘ഔട്ട്’

40

പുതിയ തൃശൂർ ഡി.സി.സി പ്രസിഡണ്ടായി ജോസ് വള്ളൂർ ശനിയാഴ്ച ചുമതലയേൽക്കും. ജോസ് വള്ളൂരിന്റെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി പഠന കേന്ദ്രം ഒല്ലൂരിലെ പനയംപാടത്ത് മണിക്കും ലളിതക്കുമായി നിർമ്മിക്കുന്ന വീടായ സ്നേഹക്കൂടിന് തറക്കല്ലിട്ടതിന് ശേഷമാണ് ഡി.സി.സിയുടെ അധ്യക്ഷ പദവി ഏറ്റെടുക്കുന്നത്. രാവിലെ എട്ടിനാണ് തറക്കല്ലിടൽ ചടങ്ങ്. അതിന് ശേഷം രാവിലെ 10ന് ഡി.സി.സിയിലാണ് ചുമതലയേൽക്കൽ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.പിമാരായ ബെന്നി ബെഹ്നാൻ, ടി.എൻ.പ്രതാപൻ, രമ്യ ഹരിദാസ് എന്നിവർ പങ്കെടുക്കും. ചുമതലയേൽക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ സ്ഥാപിച്ച പ്രചരണ ബോർഡുകളിൽ ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മുഖങ്ങൾ ഒഴിവാക്കിയാണ് സ്ഥാപിച്ചിട്ടുള്ളത്. സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും എം.പിമാരുടെയും ചുമതലയൊഴിയുന്ന എം.പി വിൻസെന്റിന്റെയും മുഖങ്ങൾ പ്രചരണ ബോർഡുകളിലുണ്ട്. സാധാരണയായി സമരമായാലും, പൊതുയോഗമായാലും സമ്മേളനമായാലും സോണിയാഗാന്ധി മുതൽ താഴെ നേതാവ് വരെയുള്ളവരുടെ പടങ്ങൾ നിരത്തുന്നതാണ് കോൺഗ്രസ് പതിവ്. ഇതാണ് തിരുത്തിയിരിക്കുന്നത്. അതൃപ്തിയുമുണ്ടെങ്കിലും ജില്ലയിൽ ആരും പരസ്യ പ്രതികരണത്തിനിറങ്ങിയിട്ടില്ല.