തൃശൂർ യു.ഡി.എഫിൽ പൊട്ടിത്തെറി: പാലാ ബിഷപ്പിനെ പിന്തുണച്ച് കുറിപ്പ്, വിവാദമായപ്പോൾ തിരുത്തി, പരസ്യ പ്രതിഷേധവുമായി ലീഗ്, കൺവീനറെ നീക്കണമെന്ന് ലീഗ്

5

ലൗജിഹാദും നാർക്കോട്ടിക് ജിഹാദുമെന്ന പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് തൃശൂർ യു.ഡി.എഫ് വെട്ടിലായി. വിവരം അതിവേഗത്തിൽ പുറത്ത് വന്നതോടെ തിരുത്തി, ‘കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള സമരങ്ങളെന്ന് അറിയിച്ച് പുതിയ വാർത്താക്കുറിപ്പ് പുറത്തിറക്കി. സദ്യുദ്ദേശത്തോടുകൂടി ബിഷപ്പ് നടത്തിയ പ്രസ്താവനയിൽ അനാവശ്യ വിവാദം ഉണ്ടാക്കുന്നത് അപലപനീയമാണെന്നും സാമൂഹ്യ വിപത്തായ ലൗ ജിഹാദ് പോലെയുള്ള പ്രവർത്തനങ്ങൾ ഉണ്ടായാൽ സർക്കാർ ശക്തമായ നടപടി എടുക്കണമെന്നുമാണ് ബിഷപ്പ് ആവശ്യപ്പെട്ടതെന്നും അറിയിച്ചായിരുന്നു യു.ഡി.എഫ് യോഗത്തിൻറെ തീരുമാനമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക ഇ മെയിലിൽ നിന്നും യു.ഡി.എഫ് കൺവീനർ കെ.ആർ ഗിരിജൻറെ പേരിലുള്ള വാർത്താക്കുറിപ്പിറങ്ങിയത്. പ്രതിപക്ഷ നേതാവും സംസ്ഥാന കോൺഗ്രസും ബിഷപ്പിൻറെ വിവാദ പരാമർശത്തിനെതിരെ നിശിതമായി എതിർത്തിരിക്കെ തൃശൂരിലെ ഡി.സി.സിയിൽ നിന്നും അയച്ച വാർത്താകുറിപ്പിൽ ബിഷപ്പിനെ പിന്തുണച്ച് വാർത്താക്കുറിപ്പിറങ്ങിയത്. മാധ്യമങ്ങൾ വാർത്ത നൽകിയ ഉടനെ തന്നെ ഡി.സി.സി ഓഫീസിൽ നിന്നും തെറ്റായി ഇറങ്ങിയ വാർത്താക്കുറിപ്പാണെന്നും തിരുത്തിയ കുറിപ്പ് ഇട്ടിട്ടുണ്ടെന്നും അറിയിച്ചു. വിവാദ ഭാഗങ്ങൾ ഒഴിവാക്കിയ തിരുത്തിയ വാർത്താക്കുറിപ്പിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ 20ന് നിയോജകമണ്ഡലം തലത്തിൽ നടക്കുന്ന സമരം ശക്തമാക്കാൻ യോഗത്തിൽ തീരുമാനിച്ചതായാണ് പുതിയ വാർത്താക്കുറിപ്പ്. കോൺഗ്രസ് നേതൃത്വത്തിൻറെ അറിവില്ലാതെ ഡി.സി.സിയുടെ ഔദ്യോഗിക മെയിലിൽ നിന്നും വാർത്ത പുറത്ത് വന്നതിൽ കോൺഗ്രസിനകത്തും യു.ഡി.എഫിലെ പലരും എതിർപ്പ് അറിയിച്ചു. യു.ഡി.എഫിൽ പാലാ ബിഷപ്പിനെ പിന്തുണച്ചത് കേരള കോൺഗ്രസും, മാണി സി കാപ്പനും മാത്രമാണെന്നിരിക്കെ ലീഗ് ഉൾപ്പെടെ അമർഷത്തിലാണ്. യു.ഡി.എഫ് നേതാവ് തന്നെയാണ് ഇത്തരമൊരു വാർത്ത പുറത്ത് വിട്ടതെന്നാണ് പറയുന്നത്. ഇദേഹത്തെ സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കെ.പി.സി.സി നേതൃത്വത്തെയും യു.ഡി.എഫ് നേതൃത്വത്തെയും ഇക്കാര്യമറിയിക്കുമെന്ന് ജോസ് വള്ളൂർ പറഞ്ഞു. പാലാ ബിഷപ്പിനെ അനുകൂലിച്ചുകൊണ്ടുള്ള വാർത്താകുറിപ്പുമായി ഡി.സി.സിക്ക് ബന്ധമില്ലെന്ന് ജോസ് വള്ളൂർ അറിയിച്ചു. സംസ്ഥാന നേതൃത്വത്തിൽ നിന്ന് വ്യത്യസ്തമായ നിലപാടില്ല. ഓഫീസ് സ്റ്റാഫിനെ സ്വാധിനിച്ച് തൽപരകക്ഷികളിറക്കിയതാണ് പ്രസ്താവനയെന്നും ജോസ് വള്ളൂർ വ്യക്തമാക്കി. ‍യു.ഡി.എഫ് യോഗം ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു.
അതേ സമയം

ഐക്യ ജനാധിപത്യ മുന്നണി
ജില്ലാ കമ്മിറ്റിയുടെ പേരിൽ വ്യാജ വാർത്ത നൽകിയ യു.ഡി.എഫ് ജില്ലാ കൺവീനർ കെ.ആർ ഗിരിജനെ യു.ഡി.എഫ് ജില്ലാ കൺവീനർ സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്ന് ലീഗ് ആവശ്യപ്പെട്ടു.

ലൗവ് ജിഹാദ് എന്ന പദം ഉപയോഗിക്കുക വഴി ഒരു മത സമൂഹത്തെ അടച്ചാക്ഷേപിക്കുകയും ആർ.എസ്.എസ് നടത്തുന്ന സംഘടിത ശ്രമങ്ങൾക്ക്
സാധുകണം നൽകുകയുമാണ് ചെയ്യുന്നതെന്ന് മതേതര
ചേരിയിലുള്ളവർ ഓർക്കണമെന്ന്
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ് ജനറൽ സെക്രട്ടറി പി എം അമീർ എന്നിവർ പറഞ്ഞു.