എൽ.ഡി.എഫിനെതിരെ വിമർശനവുമായി തൃശൂർ അതിരൂപത: എല്ലാം ശരിയായത് ചില നേതാക്കളുടെയും ആശ്രിതരുടെയും കുടുംബങ്ങളിൽ മാത്രം; വോട്ട് പാഴാക്കരുതെന്നും ബുദ്ധിപൂർവ്വം വിനിയോഗിക്കണമെന്നും ആഹ്വാനം, മതരാഷ്ട്രമുണ്ടാക്കാൻ ശ്രമിക്കുന്നവരെ അകറ്റി നിർത്തണമെന്നും കത്തോലിക്കാസഭ, യു.ഡി.എഫിനെ കുറിച്ച് മൗനം

272

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപത. എല്ലാം ശരിയായത് ചില നേതാക്കളുടെയും ആശ്രിതരുടെയും കുടുംബങ്ങളിൽ മാത്രമെന്നാണ് എൽ.ഡി.എഫിനെ വിമർശിക്കുന്നത്. വോട്ട് പാഴാക്കരുതെന്നും ബുദ്ധിപൂർവ്വം വിനിയോഗിക്കണമെന്നും ആഹ്വാനം ചെയ്യുന്നു. മതരാഷ്ട്രമുണ്ടാക്കാൻ ശ്രമിക്കുന്നവരെ അകറ്റി നിർത്തണമെന്ന് ബി.ജെ.പിയെ സൂചിപ്പിച്ച് അതിരൂപതാ മുഖപത്രമായ കത്തോലിക്കാസഭ യുടെ പുതിയ ലക്കത്തിൽ വ്യക്തമാക്കുന്നു.
മുന്നണികളുടെ പൊള്ളയായ വാഗ്ദാനങ്ങളിൽ മനംമടുത്ത് വോട്ടെടുപ്പിൽ നിന്ന് മാറി നിൽക്കുന്നത് നാടിന്റെ ഭാവിയെ അപകടത്തിലാക്കുമെന്നും വോട്ട് പാഴാക്കരുതെന്ന് സഭ മുന്നറിയിപ്പ് നൽകുന്നു. ജനോപകരികളായ സ്ഥാനാർഥികളെ വിവേചിച്ചറിഞ്ഞ് വോട്ട് നൽകണം. ജനാധിപത്യത്തിന്റെ നിലനിൽപ്പും ശക്തിയും ജനങ്ങൾ വിവേചനാപൂർവ്വം വോട്ട് രേഖപ്പെടുത്തുന്നതിലാണ് അടങ്ങിയിരിക്കുന്നതെന്ന് അതിരൂപത വ്യക്തമാക്കുന്നു. നാടിൻറെ ദുരവസ്ഥ നാടിൻെറ ശാപമാണെന്ന് പരിതപിച്ചിട്ട് കാര്യമില്ലെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നല്ല സ്ഥാനാർഥികളല്ലെങ്കിൽ  വിജയിപ്പിക്കില്ലെന്ന്  രാഷ്ട്രീയ കക്ഷികളെ ബോധ്യപ്പെടുത്താനുള്ള അവസരം കൂടിയാണിതെന്നും കത്തോലിക്കാ സഭ ഓർമ്മിപ്പിക്കുന്നു. ജനം നിശ്ബദരാവുമ്പോഴാണ് ഇരുട്ടിന്റെ ശക്തികൾ വളർന്ന് വരുന്നത്. മതരാഷ്ട്രം ലക്ഷ്യമിടുന്നവരെ പരാജയപ്പെടുത്തണം. മുഖംമൂടിയണിഞ്ഞവരാണ് പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നത്. അവർക്കെതിരെയുള്ള ശബ്ദമായി വോട്ട് ചെയ്യണം. ഒരൊറ്റ വോട്ടും പഴാക്കാതിരിക്കേണ്ടതും വിവേചന ശക്തിയോടെ  വോട്ട് ചെയ്യേണ്ടതും ജനത്തിന്റെ വലിയ കടമയാണെന്നും കത്തോലിക്കാ സഭാ വ്യക്തമാക്കുന്നു. ഇടത് സർക്കാരിനെതിരെയുള്ള ശക്തമായ പ്രതികരണവും കത്തോലിക്കാ സഭ ചൂണ്ടിക്കാണിക്കുന്നു. എല്ലാം ശരിയാക്കാം എന്ന വാഗ്ദാനം കേട്ട് കോരിത്തരിച്ചിട്ട് അഞ്ച് കൊല്ലം പിന്നിട്ടിട്ടും ഇതുവരെ ഒന്നും ശരിയായില്ലല്ലോ എന്ന തോന്നൽ  ജനസമാന്യത്തിനുണ്ടെന്ന് കത്തോലിക്കാസഭ വിമർശിക്കുന്നു.