ബി.ജെ.പിയുടെ ലോകസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്ച കേരളത്തിലെത്തും. വിജയപ്രതീക്ഷ പുലർത്തുന്ന തൃശൂരിൽ മാത്രമാണ് കേരളത്തിൽ അമിത് ഷായുടെ ഇന്നത്തെ സന്ദർശന പരിപാടി. നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി ഹെലികോപ്റ്ററിൽ തൃശൂരിലേക്ക് തിരിക്കുന്ന അമിത് ഷാ കുട്ടനെല്ലൂരിലെ ഹെലിപാഡിലാണ് ഇറങ്ങുക. ശോഭ സിറ്റിയിലെ ഹെലിപാഡിലാണ് ലാൻഡിംഗ് തീരുമാനിച്ചിരുന്നതെങ്കിലും റോഡ് നിർമാണ പ്രവർത്തികൾ നടക്കുന്നതിനാൽ സുരക്ഷാ സൗകര്യങ്ങൾ ബുദ്ധിമുട്ടിലാവുന്നത് പൊലീസ് നൽകിയ സാഹചര്യം കേന്ദ്ര സുരക്ഷാ ഏജൻസി പരിശോധിച്ചു. ഇത് അംഗീകരിച്ചാണ് റൂട്ട് മാറ്റം. ഹെലിപ്പാട് മാറ്റം കേരള പൊലീസിന് കേന്ദ്ര ഏജൻസികൾ ഔദ്യോഗികമായി അറിയിച്ചു. മറ്റ് സന്ദർശന പരിപാടികളിൽ മാറ്റമില്ല. ഉച്ച കഴിഞ്ഞ് രണ്ടോടെ കുട്ടനെല്ലൂർ ഹെലിപ്പാടിൽ ബി.ജെ.പി നേതാക്കൾ സ്വീകരിക്കും. ശക്തൻ തമ്പുരാൻ സമാധിയിൽ പുഷ്പാർച്ചനയാണ് അമിത് ഷായുടെ ആദ്യ പരിപാടി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും തുടങ്ങി നിരവധിയാളുകൾ എത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ദേശീയ നേതാവ് ആധുനിക തൃശൂരിന്റെ ശിൽപ്പിയെന്ന വിശേഷണമുള്ള ശക്തൻ തമ്പുരാന്റെ സമാധിയിലെത്തുന്നത്. തൃശൂരിന്റെ വികസനത്തിനും സാംസ്കാരിക പുരോഗതിക്കും അടിത്തറയിട്ട യാളെന്ന നിലക്കാണ് ശക്തനെ അനുസ്മരിക്കുന്നതെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു. ഉച്ചകഴിഞ്ഞ് മൂന്നിന് തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ ബി.ജെ.പി ഭാരവാഹിയോഗത്തിൽ അമിത് ഷാ പങ്കെടുക്കും. സംസ്ഥാന ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ജോയ് പാലസിലാണ് യോഗം. വൈകീട്ട് അഞ്ചോടെ വടക്കുന്നാഥ ക്ഷേത്രത്തിൽ അമിതാഷാ ദർശനം നടത്തും. അതിന് ശേഷം തെക്കേഗോപുര നടയിൽ നടക്കുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. സമ്മേളനത്തിൽ അരലക്ഷം പേർ പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു. തുടർന്ന് നെടുമ്പാശേരിയിലെത്തി ഡൽഹിക്ക് മടങ്ങുന്നതാണ് അമിത്ഷായുടെ ഷെഡ്യൂൾ. 2024ൽ തൃശൂരിനെ പിടിക്കുമെന്ന ഉറപ്പാണ് ദേശീയ നേതൃത്വത്തിന് കേരള ഘടകം നൽകിയിരിക്കുന്നത്. ഇതാണ് തൃശൂരിലേക്ക് അമിത് ഷായുടെ വരവും. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മൽസരിച്ച് ശക്തമായ സാനിധ്യമുറപ്പിച്ച സുരേഷ് ഗോപി തന്നെയാണ് തൃശൂരിൽ ബി.ജെ.പി പരിഗണിക്കുന്നത്. കേന്ദ്ര-സംസ്ഥാന നേതാക്കൾ തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണ്.
അമിത് ഷായുടെ സന്ദർശനം:
തൃശൂരിൽ ഗതാഗത നിയന്ത്രണം
തൃശൂർ: കേന്ദ്ര ആഭ്യന്തരവകുപ്പുമന്ത്രി അമിത്ഷായുടെ തൃശൂർ സന്ദർശനത്തിന്റെ ഭാഗമായി തൃശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഞായറാഴ്ച ഉച്ചക്ക് 12 മുതൽ പൊതുസമ്മേളനം കഴിയുന്നത് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. രാവിലെ മുതൽ സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനിയുടെ തെക്കുഭാഗത്തും വാഹനപാർക്കിങ്ങ് അനുവദിക്കില്ല. വാഹനങ്ങൾ സ്വരാജ് റൗണ്ടിന് പുറത്ത് കോലോത്തുംപാടം ഇൻഡോർ സ്റ്റേഡിയം, അക്വാട്ടികിന് സമീപമുളള കോർപറേഷൻ പാർക്കിങ്ങ് ഗ്രൗണ്ട്, പളളിത്താമം ഗ്രൗണ്ട്, ശക്തൻ നഗറിലെ തിരക്കില്ലാത്ത ഭാഗങ്ങൾ, പടിഞ്ഞാറെക്കോട്ട നേതാജി ഗ്രൗണ്ട് ഭാഗങ്ങൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. പാലക്കാട്, പീച്ചി തുടങ്ങി കിഴക്കൻ മേഖലയിൽ നിന്ന് സർവീസ് നടത്തുന്ന ബസുകൾ കിഴക്കേകോട്ടയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഐ.ടി.സി, ഇക്കണ്ടവാര്യർ ജംഗ്ഷൻ വഴി ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ അതേ വഴി സർവീസ് നടത്തണം. മാന്ദാമംഗലം, പുത്തൂർ, വലക്കാവ് തുടങ്ങിയ ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസുകൾ ഫാത്തിമ നഗർ, ഐ.ടി.സി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ടവാര്യർ ജംഗ്ഷൻ വഴി ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ്, ഫാത്തിമ നഗർ ജംഗ്ഷൻ വഴിയും മണ്ണുത്തി ഭാഗത്ത് നിന്നുള്ള ബസുകൾ കിഴക്കേകോട്ടയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ബിഷപ്പ് പാലസ്, ചെമ്പുക്കാവ്, അശ്വനി ജംഗ്ഷൻ വഴി വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജംഗ്ഷൻ വഴിയും പോകണം. മുക്കാട്ടുക്കര, നെല്ലങ്കര ഭാഗത്ത് നിന്ന് സർവീസ് നടത്തുന്ന ബസുകൾ ബിഷപ്പ് പാലസ് എത്തി വലത്തോട്ട് തിരിഞ്ഞ് ചെമ്പുക്കാവ് ജംഗ്ഷൻ, അശ്വനി ജംഗ്ഷൻ വഴി വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ തിരികെ വഴി സർവീസ് നടത്തണം. ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂർ, തിരുവില്വാമല, മെഡിക്കൽ കോളേജ്, അത്താണി, കൊട്ടേക്കാട് എന്നീ ഭാഗത്ത് നിന്ന് സർവീസ് നടത്തുന്ന ബസുകൾ പെരിങ്ങാവ് എത്തി ഇടത്തോട്ട് തിരിഞ്ഞ് കോലോത്തുംപാടം റോഡ് വഴി അശ്വനി ജംഗ്ഷനിലൂടെ നേരെ വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സാധാരണ പോലെയും സർവീസ് നടത്തണം. ചേറൂർ, പള്ളിമൂല, മാറ്റാമ്പുറം, കുണ്ടുക്കാട്, കട്ടിലപൂവം ഭാഗത്ത് നിന്നുള്ള ബസുകൾ ബാലഭവൻ വഴി ടൗൺ ഹാൾ ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് രാമനിലയം ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ വഴി അശ്വനി ജംങ്ഷനിലൂടെ വടക്കേസ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും, ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ വഴി മടങ്ങണം. കുന്നംകുളം, കോഴിക്കോട്, ഗുരുവായൂർ, തുടങ്ങി പൂങ്കുന്നം വഴി വരുന്ന എല്ലാ ബസ്സുകളും പാട്ടുരായ്ക്കൽ അശ്വനി, ചെമ്പൂക്കാവ്, ഈസ്റ്റ് ഫോർട്ട്, ഐ.ടി.സി, ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിച്ച് തിരികെ സാധാരണ പോലെ സർവീസ് നടത്തണം. വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി, അടാട്ട്, അയ്യന്തോൾ എന്നീ ഭാഗങ്ങളിൽ നിന്നും വരുന്ന ബസുകൾ പടിഞ്ഞാറേകോട്ടയിൽ സർവീസ് അവസാനിപ്പിച്ച് തിരികെ പടിഞ്ഞാറെക്കോട്ടയിൽ നിന്ന് സർവീസ് നടത്തേണ്ടതാണ്. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ് തുടങ്ങി കൂർക്കഞ്ചേരി വഴി വരുന്ന എല്ലാ ബസുകളും ബാല്യ ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് അവിടെ നിന്നുതന്നെ തിരികെ സർവീസ് നടത്തണം. ഒല്ലൂർ, ആമ്പല്ലൂർ, വരന്തരപ്പിള്ളി തുടങ്ങിയ ഭാഗത്ത് നിന്നും വരുന്ന ബസുകൾ മുണ്ടുപ്പാലം ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിച്ച് തിരികെ മടങ്ങണം.