മഹാ പ്രളയത്തിലും ശേഷവും ശക്തമായ മണ്ണിടിച്ചിലുണ്ടായ പുത്തൻകാട് ചിറ്റക്കുന്നിലെ ഏക്കർ കണക്കിനുള്ള അക്കേഷ്യ മരങ്ങൾ മുറിക്കുന്നതിൽ പ്രാദേശിക വാസികൾക്കും ജനങ്ങൾക്കുമുള്ള ആശങ്കയറ്റകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡി.സി.സി വൈസ് പ്രസിഡന്റുമായ അഡ്വ ജോസഫ് ടാജറ്റ് പറഞ്ഞു. ഈ കാര്യം കാണിച്ച് സ്ഥലം എം.എൽ.എ കൂടിയായ റവന്യൂ മന്ത്രി അഡ്വ കെ രാജനും ജില്ലാ കളക്ടർക്കും കത്ത് നൽകി. കേരള ഫോറസ്‌റ് ഡെവലപ്മെന്റ് കോർപറേഷന്റെ കീഴിലുള്ള ചിറ്റക്കുന്നിലെ ഏക്കർ കണക്കിനുള്ള അക്വേഷ്യ മരങ്ങളാണ് മുറിച്ച് മാറ്റുന്നതിന് കരാർ കൊടുത്തിട്ടുള്ളത്. പ്രളയത്തിൽ ശക്തമായ സോയിൽ പൈപ്പിംഗ് ആണ് ഈ പ്രദേശങ്ങളിൽ ഉണ്ടായതെന്നും ഇനിയും സാധ്യതയുണ്ടെന്നും പഠനങ്ങൾക്ക് ശേഷം റിപ്പോർട്ട് നല്കിയതിനെ തുടർന്ന് കോടികൾ മുടക്കി അക്വഡക്ട് നിർമിച്ചതാണ്. അത്തരം മേഖലയിൽ കൂട്ടത്തോടെ മരങ്ങൾ മുറിച്ച് നീക്കിയാൽ ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന സ്വാഭാവിക ആശങ്ക ജനങ്ങൾക്കുണ്ട്. ഇത്തരത്തിലുള്ള മരങ്ങൾ നട്ടുപിടിപ്പിക്കുകയും ആറ് വർഷങ്ങൾക്കു ശേഷം നിയമാനുസൃതം മുറിച്ചുമാറ്റുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ മരം മുറിച്ച് മാറ്റുവാൻ തിരുവന്തപുരത്തെ കരാറുകാരന് കരാർ നല്കിയിട്ടുള്ളതെന്ന് ജനങ്ങളുടെ ആശങ്ക അറിയിച്ചപ്പോൾ കെ.എഫ്.ഡി.സി അധികൃതർ മറുപടി നൽകിയത് . മരങ്ങൾ മുറിച്ചുമാറ്റിയാൽ അടിവേരുകൾ ദ്രവിച്ച് വീണ്ടും വെള്ളമിറങ്ങി വലിയ ഉയരത്തിലുള്ള കുന്നുകളിൽ നിന്നും കനാൽ ബണ്ടിൽ നിന്നും മണ്ണ് ഇടിയുമെന്നാണ് ജനങ്ങൾ ആശങ്കപ്പെടുന്നത്. ഈ കാര്യത്തിൽ അടിയന്തിരമായി ഇടപെട്ട് നടപടികൾ സ്വീകരിക്കണമെന്ന് അഡ്വ ജോസഫ് ടാജറ്റ് പറഞ്ഞു.
Advertisement
Advertisement