കോര്‍പറേഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

12

തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 54 അംഗങ്ങളും ജില്ലാ കലക്ടര്‍ എസ് ഷാനവാസ് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു. 47-ാം ഡിവിഷന്‍ പുല്ലഴി സ്ഥാനാര്‍ത്ഥിയായിരുന്ന എം കെ മുകുന്ദന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയതിന് ശേഷമാണ് സത്യപ്രതിജ്ഞ നടപടികള്‍ ആരംഭിച്ചത്. കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ 20-ാം ഡിവിഷന്‍ കാളത്തോട് നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും മുതിര്‍ന്ന അംഗമായ എം എല്‍ റോസിക്ക് ജില്ലാ കലക്ടര്‍ സത്യവാചകം ചൊല്ലി കൊടുത്തു. പൂച്ചെണ്ടുകള്‍ നല്‍കി കലക്ടര്‍ അംഗത്തെ സ്വാഗതം ചെയ്തു. തുടര്‍ന്ന് ഒന്ന് മുതല്‍ ഡിവിഷന്‍ ക്രമനമ്പര്‍ അനുസരിച്ച് എം എല്‍ റോസി മറ്റ് 53 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലി കൊടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം കൗണ്‍സില്‍ അംഗങ്ങള്‍ക്കുള്ള രജിസ്റ്ററിലും മറ്റ് രേഖകളിലും അംഗങ്ങള്‍ ഒപ്പ് രേഖപ്പെടുത്തി. തുടര്‍ന്ന് എം എല്‍ റോസിയുടെ അധ്യക്ഷതയില്‍ അനൗപചാരിക കൗണ്‍സില്‍ യോഗം ചേര്‍ന്നു. ഡിസംബര്‍ 28ന് രാവിലെ 11 മണിക്ക് മേയര്‍ തിരഞ്ഞെടുപ്പും ഉച്ചക്ക് ശേഷം 2 മണിക്ക് ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പും നടക്കും. ഇതിന് ശേഷം തീയതി നിശ്ചയിച്ച് ആദ്യത്തെ കൗണ്‍സില്‍ യോഗം ചേരും. സത്യപ്രതിജ്ഞ ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ യു ഷീജ ബീഗം, കോര്‍പറേഷന്‍ സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.