സർക്കാരിന്റെ പെൻഷൻ പ്രചരണം തെറ്റെന്ന് ഉമ്മൻ‌ചാണ്ടി: സർവേ നടത്തിയവർക്ക് നന്ദി; പ്രവർത്തകരെ ഉണർത്തി

12

സാമൂഹ്യ പെൻഷൻ സൗജന്യ കിറ്റ് എന്നീ വിഷയങ്ങളിൽ എൽ.ഡി.എഫ് അവകാശവാദം ശരിയല്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കിറ്റ് നൽകി തുടങ്ങിയത് ആഘോഷ വേളകളിലാണെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടുന്നു. മുഴുവൻ ബി.പി.എൽ കുടുംബങ്ങൾക്കും യു.ഡി.എഫ് സൗജന്യ അരി നൽകിയിരുന്നുവെന്നും ഈ സൗജന്യം മാറ്റി ഇടത് സർക്കാർ രണ്ട് രൂപ ഈടാക്കി തുടങ്ങുകയായിരുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു. പെൻഷൻ അപേക്ഷകൾ കെട്ടിക്കിടക്കുകയാണെന്നും 34 ൽ നിന്ന് 54 ലക്ഷം പേർക്ക് പെൻഷൻ നൽകിയെന്ന വാദം വിശ്വസിനീയമല്ലെന്നും ഉമ്മൻചാണ്ടി പറയുന്നു. പെൻഷൻ വാങ്ങുന്ന ആളുകളുടെ എണ്ണമല്ല പെൻഷനുകളുടെ എണ്ണമാണ് പ്രചരിപ്പിക്കുന്നത്. ഒരാൾ ഒന്നിൽ കൂടുതൽ പെൻഷൻ വാങ്ങുന്നുണ്ടെന്നും ഈ യാഥാർത്ഥ്യം ജനങ്ങൾ മനസിലാക്കണമെന്നും ഉമ്മൻചാണ്ടി പറയുന്നു. സർവ്വേകളെ പറ്റി ഒന്നും പറയാനില്ലെന്ന് പറഞ്ഞ ഉമ്മൻചാണ്ടി ഈ സർവ്വേകൾ യു.ഡി.എഫ് പ്രവർത്തകരെ ഉണർത്തിയതായി അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നും ഉമ്മൻചാണ്ടി പറയുന്നു. സോളാർ കേസിൽ കുറ്റവിമുക്തനായതിൽ തനിക്ക് അമിത സന്തോഷമോ ദുഃഖമോ ഇല്ലെന്നും തെറ്റ് ചെയ്തിട്ടില്ലാത്തതിനാൽ ഭയമില്ലെന്നും ഉമ്മൻ‌ചാണ്ടി വ്യക്തമാക്കി.