കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഇന്ന് വയനാട്ടിലെത്തും. രാവിലെ 10 മണിക്ക് കളക്ടറേറ്റിൽ നടക്കുന്ന ജില്ലാ വികസന സമിതി യോഗത്തിൽ പങ്കെടുക്കും. തുടർന്ന് മരവയൽ ആദിവാസി ഊരിലെ കുടുംബങ്ങളെ സന്ദർശിക്കും. വൈകിട്ട് നാലിന് മാധ്യമങ്ങളെ കണ്ട ശേഷം വയനാട് സന്ദർശനം പൂർത്തീകരിച്ച് കരിപ്പൂർ വിമാനത്താവളത്തിലേക്ക് തിരിക്കും
അമേഠിയിൽ നിന്നുള്ള ലോക്സഭാംഗമാണ് സ്മൃതി ഇറാനി. നേരത്തെ രാഹുൽ ഗാന്ധി പ്രതിനിധാനം ചെയ്ത മണ്ഡലത്തിൽ കഴിഞ്ഞ തവണ സ്മൃതി ഇറാനി അട്ടിമറി വിജയം നേടുകയായിരുന്നു. എന്നാൽ കഴിഞ്ഞ വട്ടം അമേഠിയിലും വയനാട്ടിലും മത്സരിച്ച രാഹുൽ ഗാന്ധി അമേഠിയിൽ പരാജയപ്പെട്ടെങ്കിലും വയനാട്ടിലെ വിജയത്തിലൂടെ ലോക്സഭാംഗമായി. വയനാട്ടിലെ വിസിറ്റിംഗ് എം.പിയാണ് രാഹുൽ ഗാന്ധിയെന്ന ആക്ഷേപം കോൺഗ്രസിൽ തന്നെ ശക്തമാണ്. സ്മൃതി ഇറാനിയുടെ സന്ദർശനത്തിന് രാഷ്ട്രീയ ഗൗരവം വേറെയുണ്ട്.