വാളയാർ കേസ് അന്വേഷണം എത്രയും പെട്ടെന്ന് ഏറ്റെടുക്കണമെന്ന് സി.ബി.ഐക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

11

വാളയാർ കേസ് അന്വേഷണം എത്രയും പെട്ടെന്ന് ഏറ്റെടുക്കാന്‍ സി.ബി.ഐക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

സി.ബി.ഐ അന്വേഷണത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ വിജ്ഞാപനത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി വാളയാറില്‍ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

കുട്ടികളുടെ അമ്മ നല്‍കിയ ഹരജി നേരത്തെ പരിഗണിക്കുന്ന വേളയില്‍ അപാകതകള്‍ പരിഹരിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുതുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സി.ബി.ഐയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയത്.

സി.ബി.ഐയ്ക്ക് ആവശ്യമായ എല്ലാ രേഖകളും ഇതിനോടകം കൈമാറിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. അതോടൊപ്പം കേസന്വേഷണത്തിനാവശ്യമായ എല്ലാ സഹകരണങ്ങളും സി.ബി.ഐയ്ക്ക് നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.