പി.പി.ഇ കിറ്റ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത വണ്ടൂർ പഞ്ചായത്തംഗം ന്യുമോണിയ ബാധിച്ച് മരിച്ചു

70

മലപ്പുറം വണ്ടൂർ പഞ്ചായത്തംഗവും മലപ്പുറം ഡി.സി.സി. ജനറൽസെക്രട്ടറിയുമായ സി.കെ. മുബാറക് (61) നിര്യാതനായി. ന്യുമോണിയയെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

തിരഞ്ഞെടുപ്പിനു തലേന്ന്‌ അദ്ദേഹം കോവിഡ് ബാധിതനായിരുന്നു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നെഗറ്റീവായി. ശനിയാഴ്ച രാവിലെ കടുത്ത ന്യുമോണിയയെത്തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റി. ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് മരിച്ചത്‌.

വണ്ടൂർ പഞ്ചായത്ത് ഒൻപതാം വാർഡിൽനിന്നു വിജയിച്ച അദ്ദേഹം ഡിസംബർ 21-ന് ആംബുലൻസിൽ പി.പി.ഇ. കിറ്റ്‌ ധരിച്ചെത്തി അവിടെക്കിടന്നാണ് സത്യപ്രതിജ്ഞചെയ്തത്. ഒപ്പിടാൻ നേരം പി.പി.ഇ. കിറ്റ്‌ താത്‌കാലികമായി മാറ്റിയിരുന്നു.

23 വാർഡുകളുള്ള വണ്ടൂർ പഞ്ചായത്തിൽ യു.ഡി.എഫിന് 12 സീറ്റും എൽ.ഡി.എഫിന് 11 സീറ്റുമായിരുന്നു ലഭിച്ചത്. മുബാറക്കിന്റെ നിര്യാണത്തോടെ രണ്ട് കക്ഷികൾക്കും തുല്യ അംഗങ്ങളായി.