തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാർഥിയായി കോണ്‍ഗ്രസ് വിമതൻ എം.കെ വർഗീസിനെയും ഡെപ്യൂട്ടി മേയറായി സി.പി.എമ്മിലെ രാജശ്രീ ഗോപനെയും പ്രഖ്യാപിച്ചു; വർഗീസിനെ സി.പി.എം ആസ്ഥാനത്തിരുത്തി ഇടതുമുന്നണിയുടെ പ്രഖ്യാപനം

153

തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാർഥിയായി കോണ്‍ഗ്രസ് വിമതൻ എം.കെ വർഗീസിനെയും ഡെപ്യൂട്ടി മേയറായി സി.പി.എമ്മിലെ രാജശ്രീ ഗോപനെയും എൽ.ഡി.എഫ് പ്രഖ്യാപിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ വർഗീസിനെയും രാജശ്രീയെയും ഒരുമിച്ചിരുത്തി എൽ.ഡി.എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിലാണ് മേയർ ഡെപ്യൂട്ടി മേയർ സ്ഥാനാർഥികളായി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച വര്‍ഗീസിന് ആദ്യത്തെ രണ്ടു വര്‍ഷം നല്‍കാനാണ് തീരുമാനം. മന്ത്രി എ.സി. മൊയ്തീനടക്കമുള്ള സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് വർഗീസിനെ മേയാറാക്കുന്നതിൽ തീരുമാനമെടുത്തത്.
ശനിയാഴ്ച രാത്രി വൈകി നടന്ന ചര്‍ച്ചയിലാണ് ആദ്യ രണ്ടു വര്‍ഷം വര്‍ഗീസിനെ മേയറാക്കാമെന്ന തീരുമാനം അംഗീകരിച്ചത്. തുടര്‍ന്നുള്ള മൂന്ന് വര്‍ഷം സി.പി.എമ്മും സി.പി.ഐയും മേയര്‍ സ്ഥാനം പങ്കിടും. കോൺഗ്രസ് വിമതനെ മേയറാക്കി തൃശൂർ കോർപറേഷനിൽ ഭരണം ഇടതുമുന്നണി ഉറപ്പിച്ചപ്പോൾ സി.പി.ഐയുടെ കയ്യിലിരുന്ന ഡെപ്യൂട്ടി മേയർ സ്ഥാനം സി.പി.എം ഏറ്റെടുത്തു. പകരം സി.പി.ഐക്ക് പാർലമണ്ടറി പാർട്ടി ലീഡർ പദവി നൽകും. ഭരണ നിയന്ത്രണം കൈവിടാതിരിക്കാനാണ് സി.പി.എം ഡെപ്യൂട്ടി മേയർ പദവി ഏറ്റെടുത്തത്. പാർലമെണ്ടറി പാർട്ടി ലീഡർ ആയി സി.പി.ഐയിലെ സാറാമ്മ റോബ്സണെ ആണ് തീരുമാനിച്ചിട്ടുള്ളതെന്നാണ് സൂചന.
54 ഡിവിഷനുകളുള്ള തൃശൂര്‍ കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ്- 24, യു.ഡി.എഫ്- 23, എന്‍.ഡി.എ.- ആറ്, കോണ്‍ഗ്രസ് വിമതന്‍-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.