Home Kerala Kannur രത്ന ടീച്ചറിന് മുന്നിൽ അന്നത്തെ ആറാംക്ളാസുകാരനായി ഉപരാഷ്ട്രപതി ജഗദീപ് ധൻകർ

രത്ന ടീച്ചറിന് മുന്നിൽ അന്നത്തെ ആറാംക്ളാസുകാരനായി ഉപരാഷ്ട്രപതി ജഗദീപ് ധൻകർ

0
രത്ന ടീച്ചറിന് മുന്നിൽ അന്നത്തെ ആറാംക്ളാസുകാരനായി ഉപരാഷ്ട്രപതി ജഗദീപ് ധൻകർ

56 വര്‍ഷത്തിന് ശേഷം പ്രിയവിദ്യാര്‍ഥിയെ കണ്ടതില്‍ വളരെ സന്തോഷമുണ്ടെന്ന് രത്‌ന നായര്‍

രാജസ്ഥാനിലെ ചിറ്റോര്‍ഗ്ര സൈനിക സ്‌കൂളില്‍ തന്നെ പഠിപ്പിച്ച അധ്യാപിക രത്‌ന നായരെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ കണ്ണൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു. തിങ്കളാഴ്ച തിരുവനന്തപുരത്തെത്തിയ ഉപരാഷ്ട്രപതി നിയമസഭാ മന്ദിരത്തിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് കണ്ണൂരിലേക്കെത്തിയത്. പത്‌നി സുദേഷ് ധന്‍കറും അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു.
ഉച്ചയ്ക്ക് രണ്ടരയോടെ കണ്ണൂരില്‍ രത്‌ന നായരുടെ വീട്ടിലെത്തിയ ഉപരാഷ്ട്രപതി മുക്കാല്‍ മണിക്കൂറോളം അധ്യാപികയോടൊപ്പം ചെലവഴിച്ചു. 56 വര്‍ഷത്തിന് ശേഷം പ്രിയവിദ്യാര്‍ഥിയെ കണ്ടതില്‍ വളരെ സന്തോഷമുണ്ടെന്ന് രത്‌ന നായര്‍ പ്രതികരിച്ചു. പാനൂര്‍ ചമ്പാട് കാര്‍ഗില്‍ ബസ്സ്റ്റോപ്പിന് സമീപം ആനന്ദത്തിലാണ് സൈനിക സ്‌കൂളില്‍നിന്ന് വിരമിച്ച രത്‌ന നായര്‍ താമസിക്കുന്നത്.
ഉപരാഷ്ട്രപതിയുടെ സ്റ്റാറ്റസിലുള്ള ഒരാള്‍ ചമ്പാട് പോലൊരു സ്ഥലത്ത് വരുന്നതില്‍ കൂടുതല്‍ സന്തോഷമുണ്ടാക്കുന്ന മറ്റെന്തെങ്കിലുമുണ്ടോ എന്നായിരുന്നു രത്‌ന നായരുടെ പ്രതികരണം. തനിക്കുമാത്രമല്ല, തമ്പാട്ടിലെ എല്ലാവര്‍ക്കും ഈ സന്ദര്‍ശനം അഭിമാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പഠനത്തിലും പഠനേതരകാര്യങ്ങളിലും ഒന്നാമനായിരുന്നു ജഗ്ദീപ് ധന്‍കര്‍ എന്ന് രത്‌ന നായര്‍ ഓര്‍മിച്ചു. കുട്ടിക്കാലത്തെ മികവ് വളര്‍ന്നപ്പോഴും അദ്ദേഹം പുലര്‍ത്തിയെന്നും എല്ലാത്തിലും ഒന്നാമനായിരുന്ന ഉപരാഷ്ട്രപതി ഭാവിയില്‍ രാജ്യത്തെ പ്രഥമപൗരനായി മാറുമെന്നും രത്‌ന നായര്‍ പറഞ്ഞു.
ആറാംക്ലാസ് മുതല്‍ 12 വരെയുള്ള ഈ സൈനിക വിദ്യാലയത്തില്‍ താമസിച്ചു പഠിച്ചിരുന്ന ധന്‍കറിന് ഏറ്റവും പ്രിയപ്പെട്ട അധ്യാപികയായിരുന്നു രത്‌ന നായര്‍. മാതാപിതാക്കളെ പിരിഞ്ഞ് സ്‌കൂളില്‍ കഴിയുന്ന ഓരോ വിദ്യാര്‍ഥിയെയും സങ്കടങ്ങളറിയിക്കാതെ വിദ്യപകര്‍ന്ന രത്‌ന ടീച്ചര്‍ക്ക് ഇപ്പോള്‍ 83 വയസാണ് പ്രായം.
1968-ല്‍ 12-ാം തരം വിജയിച്ച് സ്‌കൂള്‍ വിട്ട ധന്‍കര്‍ പല സന്ദര്‍ഭങ്ങളിലായി മാതൃതുല്യമായ സ്‌നേഹം നല്‍കിയിരുന്ന ടീച്ചറെ സന്ദര്‍ശിച്ചിട്ടുണ്ട്. സൈനിക സ്‌കൂളില്‍ ധന്‍കറിനെ പഠിപ്പിച്ച അധ്യാപകരില്‍ രണ്ടുപേര്‍ മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ. കെമിസ്ട്രി അധ്യാപകനായിരുന്ന രാജസ്ഥാന്‍ സ്വദേശി ഹര്‍ഭാല്‍ സിങ്ങാണ് മറ്റൊരാള്‍. ബംഗാളില്‍ ഗവര്‍ണറായപ്പോഴും ധന്‍കര്‍ രത്‌ന നായരെ ഫോണില്‍ വിളിച്ച് സുഖവിവരം അന്വേഷിച്ചിരുന്നു. ഏതാവശ്യത്തിനും വിളിക്കാന്‍ സ്വകാര്യ നമ്പറും ടീച്ചര്‍ക്ക് നല്‍കിയിരുന്നു. വിവരങ്ങള്‍ തേടി സന്ദേശവും ഫോണില്‍ വരും.
രത്‌ന നായര്‍ 30 വര്‍ഷം രാജസ്ഥാനില്‍ സേവനമനുഷ്ഠിച്ചു. അവിടെനിന്ന് വിരമിച്ച് എട്ടുവര്‍ഷക്കാലം എറണാകുളം നവോദയ സ്‌കൂളില്‍. കണ്ണൂരിലെ ചെണ്ടയാട് നവോദയ സ്‌കൂള്‍ പ്രിന്‍സിപ്പലായും പ്രവർത്തിച്ചിരുന്നു. ഉപരാഷ്ട്രപതിയായി ജഗദീപ് ധന്‍കര്‍ സ്ഥാനാരോഹണം ചെയ്യുന്ന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും ആരോഗ്യകാരണങ്ങളാല്‍ പങ്കെടുക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here