മാണി സി കാപ്പൻ പോയതുകൊണ്ട് ഒന്നും സംഭവിക്കില്ല: കാണിച്ചത് മാന്യതയില്ലാത്ത രാഷ്ട്രീയ നടപടിയെന്ന് എ. വിജയരാഘവൻ

14

മാണി സി കാപ്പനല്ല എന്‍.സി.പിക്കാണ് പ്രധാന്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. മാന്യതയില്ലാത്ത രാഷ്ട്രീയ നിലപാടാണ് കാപ്പനിൽ നിന്നുണ്ടായത്. എന്‍.സി.പി ഇടതുമുന്നണിയില്‍ തുടരും. എല്‍.ഡി.എഫ് സ്ഥാനാർഥി തന്നെ പാലായില്‍ ഇനിയും ജയിക്കും. മാണി സി കാപ്പന്‍ പോയത് എല്‍.ഡി.എഫിനെ ബാധിക്കില്ലെന്നും വിജയരാഘവന്‍ അവകാശപ്പെട്ടു. ലീഗ് മതത്തെ രാഷ്ട്രീയ ലാഭത്തിനും കൊള്ളലാഭത്തിനും ഉപയോഗിക്കുന്നു.  എൽ.ഡിഎഫിന്റെ ജാഥ തുടര്‍ഭരണത്തിന് കളമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ എ. വിജയരാഘവന്‍ നയിക്കുന്ന വികസന മുന്നേറ്റയാത്രയ്ക്ക് മുന്നോടിയായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജാഥ കേരളത്തെ സംബന്ധിച്ചിടത്തോളം അതി പ്രധാനമായ ചരിത്ര മുഹൂര്‍ത്തത്തിലാണ് നടക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ ഗവണ്‍മെന്റിന്റെ ഏറ്റവും മാതൃകാപരമായ ഭരണം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 

ഈ തിരഞ്ഞെടുപ്പില്‍ കേരളീയ സമൂഹം ഇടതുപക്ഷ തുടര്‍ഭരണത്തിനുള്ള പിന്തുണ നല്‍കും.  മാണി സി കാപ്പനല്ല വലുത് പാര്‍ട്ടി എന്ന നിലയില്‍ എന്‍സിപിയാണെന്നും കാപ്പനെ തിരിച്ചുകൊണ്ടുവരുമോയെന്ന ചോദ്യത്തിനുള്ള മറുപടിയായി വിജയരാഘവന്‍ വ്യക്തമാക്കി. എന്‍.സി.പി എന്തെങ്കിലും ഒരു പ്രയാസകരമായ നിലപാടൊ അഭിപ്രായമോ ഇടതുമുന്നണിയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.