60 നിയമസഭാ മണ്ഡലങ്ങളിലായി 2.16 ലക്ഷം ഇരട്ട വോട്ടുകൾ: ചെന്നിത്തലയുടെ പരാതിയിൽ കളക്ടർമാരോട് അന്വേഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം

5

സംസ്ഥാനത്ത് അറുപത് നിയമസഭാ മണ്ഡലങ്ങളിലായി 2.16 ലക്ഷം ഇരട്ടവോട്ടുകള്‍ കണ്ടെത്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ടീക്കാറാം മീണയ്ക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചശേഷംമാത്രം ഒമ്പതേകാല്‍ ലക്ഷത്തോളം പുതിയ അപേക്ഷകള്‍ തിരഞ്ഞെടുപ്പുകമ്മിഷന് ലഭിച്ചിട്ടുണ്ട്.

ഇവ പരിശോധിച്ച് സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിക്കുമ്പോള്‍ ഇരട്ടവോട്ടുകളുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍. 51 മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേടുസംബന്ധിച്ച വിവരങ്ങള്‍കൂടി പ്രതിപക്ഷനേതാവ്രമേശ് ചെന്നിത്തല വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. 1,63,071 ഇരട്ടവോട്ട് സംബന്ധിച്ച വിവരങ്ങളാണ് പരാതിയിലുള്ളത്. കഴിഞ്ഞദിവസങ്ങളില്‍ 14 മണ്ഡലങ്ങളിലെ ഇരട്ടവോട്ടുകള്‍ സംബന്ധിച്ച പരാതികളും പ്രതിപക്ഷനേതാവ് കൈമാറിയിരുന്നു. ഇതോടെ തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ ആകെ ഇരട്ടവോട്ടുകണക്കുകളുടെ എണ്ണം 2,16,510 ആയി.പരാതിയുടെ അടിസ്ഥാനത്തിൽ കളക്ടർമാരോട് അന്വേഷിക്കാൻ കമ്മീഷൻ നിർദേശം നൽകി.