പുതുച്ചേരിയിലെ നാരായണസ്വാമി സര്‍ക്കാരിന്റെ ഭാവി ഇന്നറിയാം. നിർണായകമായ വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കും. എം.എല്‍.എമാരുടെ കൂട്ടരാജിക്കു പിന്നാലെയാണ് പുതുച്ചേരിയിലെ കോണ്‍ഗ്രസ്-ഡി.എം.കെ. സര്‍ക്കാര്‍ ന്യൂനപക്ഷമാവുകയും വിശ്വാസവോട്ടെടുപ്പിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തത്.
കഴിഞ്ഞ ദിവസം രണ്ട് എംഎഎല്‍എമാര്‍ കൂടി രാജിവെച്ചതോടെ വിശ്വാസവോട്ടെടുപ്പ് ഭരണകക്ഷിക്ക് വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.
തിങ്കളാഴ്ച സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് പുതുച്ചേരിയുടെ അധിക ചുമതല വഹിക്കുന്ന ലെഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എം.എല്‍.എമാരുടെ തുടര്‍ച്ചയായ രാജിക്കു പിന്നാലെ നാരായണസ്വാമി സര്‍ക്കാരിനെ സഭയില്‍ പിന്തുണയ്ക്കുന്നവരുടെ എണ്ണം 12 ആയി ചുരുങ്ങി. അതേസമയം പ്രതിപക്ഷത്തിന് 14 അംഗങ്ങളുടെ പിന്തുണയുമുണ്ട്.
33 അംഗ പുതുച്ചേരി നിയമസഭയില്‍ മൂന്നുപേര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളാണ്. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാനാകില്ലെന്നാണ് നാരായണസ്വാമിയുടെ നിലപാട്.