
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചുള്ള പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്ന സംഭവത്തിൽ ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പരാതി. ഗുരുവായൂര്‍ ബ്ലോക്ക് പ്രസിഡന്റ് സി എ ഗോപപ്രതാപനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിയോജക മണ്ഡലത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളാണ് രംഗത്തെത്തിയത്. കെപിസിസി പ്രസിഡന്റ്, ഡിസിസി പ്രസിഡന്റ്, യുഡിഎഫ് ചെയര്‍മാന്‍ എന്നിവരുൾപ്പടെയുള്ളവർക്കാണ് പരാതി നല്‍കിയത്. മണ്ഡലത്തിൽനിന്നുള്ള കെപിസിസി അംഗം പി കെ അബൂബക്കർ ഹാജി, ഡിസിസി ജനറൽ സെക്രട്ടറിമാരായ ടി എസ് അജിത്ത്, എ എം അലാവുദ്ദീൻ, കെ ഡി വീരമണി, പി. യതീന്ദ്രദാസ് എന്നിവരുൾപ്പെടെയുള്ള നേതാക്കളാണ് പരാതിയിൽ ഒപ്പുവെച്ചിരിക്കുന്നത്.പ്രസിഡന്റിൻ്റെ നടപടി ഗുരുതരമായ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണെന്നാരോപിച്ചായിരുന്നു പരാതി. എന്നാല്‍ മക്കള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കളിക്കുന്നതിനിടയില്‍ അബന്ധത്തിലാണ് മോദിയെ പ്രകീർത്തിച്ചുള്ള പോസ്റ്റ് ഷെയര്‍ ചെയ്യപ്പെട്ടതെന്നും പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെട്ട് മിനിറ്റുകള്‍ക്കകം നീക്കം ചെയ്തുവെന്നും പ്രസിഡന്റ് പറഞ്ഞു.സംഭവത്തിൽ ബ്ലോക്ക് പ്രസിഡന്റ് കൃത്യമായ മറുപടി നൽകിയിട്ടും പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ പരസ്യപ്രതികരണം നടത്തിയത് ശരിയായില്ലെന്ന് യൂത്ത് കോൺഗ്രസ് പ്രതികരിച്ചു. സംഭവത്തിൽ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയ കോൺഗ്രസ് നേതാക്കളുടെ നടപടിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എച്ച്എം നൗഫൽ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മൊയ്ദീൻ ഷാ പള്ളത്ത്, യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ എന്നിവർ പ്രതിഷേധിച്ചത്.
സി.എ ഗോപപ്രതാപൻ്റെ പ്രതികരണം പൂർണ്ണരൂപം
പ്രിയമുള്ളവരെ…… ‘എന്റെ പ്രൊഫൈലിൽ നിന്ന് അബദ്ധത്തിൽ ഒരു പോസ്റ്റ് ഷെയർ ചെയ്തു പോയിട്ടുണ്ട്. എട്ടു വയസ്സും പത്തു വയസ്സുള്ള എന്റെ മക്കൾ എന്റെ ഫോൺ ഉപയോഗിച്ച് കളിക്കുന്ന സമയത്ത് അബദ്ധത്തിൽ ഷെയർ ചെയ്യപ്പെട്ടതാണ്. അതെന്റെ കുട്ടികൾക്ക് പറ്റിയ ഒരു കൈയബദ്ധമാണ്. എന്നാൽ എന്റെ കുട്ടികൾക്ക് പറ്റിയ ഈ കൈയബദ്ധം എനിക്കെതിരെ വലിയ കുപ്രചരണം ആക്കി എന്റെ പാരമ്പര്യ പ്രഖ്യാപിത രാഷ്ട്രീയ ശത്രുക്കളായ മാർക്കിസ്റ്റ് പാർട്ടിയും കോൺഗ്രസിനകത്തുള്ള ചില യൂദാസുകളും കൂടി എനിക്കെതിരെ വലിയ കുപ്രചരണം അഴിച്ചുവിടുകയാണ്. ഞാനെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ വിശ്വസിക്കുന്നവനാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആശയ ആദർശങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകനാണ് ഞാൻ . നരേന്ദ്രമോദിയുടെ വർഗീയ ഫാസിസത്തിനെതിരെയും പിണറായി വിജയന്റെ മാർക്സിസ്റ്റ് ഫാസിസത്തിനെതിരെയും എന്നും പോരാടുന്നവനാണ് ഞാൻ. ആ പോരാട്ടം നാളെയും, എന്റെ മരണം വരെയും ഞാൻ തുടരുന്നതാണ്