കുന്നംകുളം മണ്ഡലത്തിൽ 5 റോഡുകളുടെ നിർമാണോദ്ഘാടനം നടത്തി: ഗ്രാമീണ മേഖലയിലെ വികസനം ഉറപ്പാക്കുമെന്ന് മന്ത്രി എ.സി മൊയ്തീൻ

6
5 / 100

കുന്നംകുളം നിയോജക മണ്ഡലത്തിലെ വിവിധയിടങ്ങളിൽ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന 4 റോഡുകളുടെയും നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ഒരു റോഡിൻ്റെയും നിർമാണോദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ നിർവഹിച്ചു.

ഗ്രാമീണ മേഖലയിലെ വികസനം ഉറപ്പു വരുത്തുമെന്ന് മന്ത്രി എ സി മൊയ്തീൻ വ്യക്തമാക്കി. ഗ്രാമ പഞ്ചായത്തുകളെ തമ്മിൽ കൂട്ടിയോജിപ്പിച്ച് വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകും. റോഡ്, സ്കൂളുകൾ, ജലസ്രോതസുകൾ എന്നിവയെ സംരക്ഷിക്കാൻ പരിശ്രമമുണ്ടാകും. ജനങ്ങളെ ഇത്തരം വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പോർക്കുളം ഗ്രാമ പഞ്ചായത്തിലെ അകതിയൂർ സെൻ്ററിൽ പറേമ്പാടം – അകതിയൂർ – കിടങ്ങൂർ – മരത്തംകോട് റോഡിൻ്റെ നിർമാണോദ്ഘാടനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ കെ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 2 കോടി രൂപ ചിലവിലാണ് റോഡ് നിർമിക്കുന്നത്.

ഒരു കോടി രൂപ ചിലവിൽ നിർമിക്കുന്ന കടവല്ലൂർ പഞ്ചായത്തിലെ കോടത്തുംകുണ്ട് – കൊരട്ടിക്കര – ഒറ്റപ്പിലാവ് റോഡിൻ്റെ നിർമാണ ഉദ്ഘാടനം കൊരട്ടിക്കര അമ്പല പരിസരത്തു നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി ഐ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ എം എൽ എ ബാബു എം പാലിശ്ശേരി മുഖ്യാതിഥിയായി.

കാട്ടകാമ്പാൽ പഞ്ചായത്തിലെ സ്രായിൽക്കടവ് റോഡിൻ്റെ നവീകരണ ഉദ്ഘാടനം കാട്ടകാമ്പാൽ വൈ എം സി എ ഹാളിൽ നടന്നു. 75 ലക്ഷം രൂപ ചെലവാക്കിയാണ് റോഡ് നവീകരണ പദ്ധതി. ചടങ്ങിൽ കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇ എസ് രേഷ്മ വഹിച്ചു.

ഒരു കോടി രൂപ ചെലവഴിച്ചുള്ള പന്തല്ലൂർ – പഴുന്നാന- മാന്തോപ്പ് റോഡിൻ്റെ നിർമാണോദ്ഘാടനം മാന്തോപ്പ് പരിസരത്തു നടന്നു. ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചിത്ര വിനോബാജി അധ്യക്ഷത വഹിച്ചു.

നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 കോടി രൂപ ചിലവിൽ നിർമിക്കുന്ന നീണ്ടൂർ – വെള്ളത്തേരി- ആദൂർ റോഡിൻ്റെ നിർമാണോദ്ഘാടനം നീണ്ടൂർ സെൻ്ററിൽ നടന്നു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി വില്യംസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ജി പ്രമോദ്, കടങ്ങോട് ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് മീന സാജൻ തുടങ്ങിയവർ പങ്കെടുത്തു.

വിവിധയിടങ്ങളിൽ ജില്ലാ പഞ്ചായത്തംഗങ്ങളായ എ വി വല്ലഭൻ, പത്മം വേണുഗോപാൽ, ജലീൽ ആദൂർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.