പൂരം പ്രതിസന്ധിയിൽ വ്യാപക പ്രതിഷേധം: പ്രദർശനത്തിന് തടസം നിൽക്കുന്നതിനെതിരെ പത്മജയുടെ സത്യഗ്രഹ സമരം നാളെ: തൃശൂർ പൂരം തീരുമാനമെടുക്കേണ്ടത് ഉദ്യോഗസ്ഥരല്ല, സംഘാടകരും സർക്കാരുമെന്ന് പൂരം സാംസ്ക്കാരിക വേദി

36
5 / 100

തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച പുതിയ പ്രതിസന്ധിയിൽ വ്യാപക പ്രതിഷേധം. തൃശൂർ പൂരം തടസപ്പെടുത്തുന്ന നീക്കത്തിനെതിരെ തൃശൂർ നിയോജമണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയും കെ.പി.സി.സി വൈസ് പ്രസിഡണ്ടുമായ പത്മജ വേണുഗോപാൽ തിങ്കളാഴ്ച സത്യഗ്രഹം സമരമനുഷ്ഠിക്കും. പൂരം സംബന്ധിച്ച് ഉദ്യോഗസ്ഥരല്ല, സംഘാടകരും സർക്കാരുമാണ് തീരുമാനമെടുക്കേണ്ടതെന്ന് പൂരം സാംസ്കാരിക വേദിയും ആരോപിച്ച് രംഗത്തെത്തി. തെക്കേഗോപുര നടയിൽ തിങ്കളാഴ്ച രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെയാണ് പത്മജയുടെ സത്യഗ്രഹ സമരം. തൃശൂർ ജനതയുടെ ഹൃദയവികാരത്തിനൊപ്പമാണ് യു.ഡി.എഫ്. പൂരം തടസപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രതിഷേധമുയരേണ്ടതുണ്ടെന്നും തൃശൂരിനൊപ്പമാണ് യു.ഡി.എഫെന്നും ഡി.സി.സി പ്രസിഡണ്ട് എം.പി വിൻസെൻറ് അറിയിച്ചു. തൃശൂർ പൂരം പ്രൗഢി ചോരാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്നതിന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയതായി പൂരം സാംസ്ക്കാരിക വേദി പ്രസിഡണ്ട് കെ കേശവദാസ് അറിയിച്ചു. മന്ത്രി സുനിൽകുമാറുമായി ചർച്ച നടത്തുകയും മുഖ്യമന്ത്രിയുമായി ബന്ധപ്പെടുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് ഈ ഉറപ്പ് ലഭിച്ചിരുന്നത്. ഇതിനെ തുടർന്ന് ചീഫ് സെക്രട്ടറി പൂരം സംഘാടകരുമായി ചർച്ച നടത്തി ധാരണയായിരുന്നു. ഈ തീരുമാനങ്ങൾ അട്ടിമറിക്കാൻ ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നത് അനുവദിക്കാനാവില്ലെന്നും പൂരം നടത്തിപ്പ് സംബന്ധിച്ച് ഉദ്യോഗസ്ഥരല്ല സർക്കാരും സംഘാടകരുമാണ് തീരുമാനമെടുക്കേണ്ടതെന്നും പൂരം സാംസ്കാരിക വേദി ആവശ്യപ്പെട്ടു. കോവിഡ് രോഗവ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തൃശൂർ പൂരം നടത്തിപ്പിന് വൈകാരിക തലങ്ങളേക്കാൾ പ്രായോഗിക ഇടപെടലുകളാണ് വേണ്ടത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് പൂരത്തിൻ്റെ സാംസ്ക്കാരിക തനിമയും ആചാരങ്ങളും നിലനിർത്തുന്നതിന് പരിശ്രമിക്കുന്ന ദേവസ്വം ഭാരവാഹികൾക്കും കേരള സർക്കാരിനും പൂരം സാംസ്ക്കാരിക വേദി പരിപൂർണ്ണ പിന്തുണ നൽകും. പൂരം അട്ടിമറിച്ച് രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കാനുള്ള നീക്കങ്ങൾ തിരിച്ചറിയണമെന്നും പൂരം ഭംഗിയായി നടത്തുവാൻ മുഴുവൻ പൂരപ്രേമികളും സഹകരിക്കണമെന്നും പൂരം സാംസ്ക്കാരിക വേദി ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ.കേശവദാസ് വൈസ് പ്രസിഡണ്ട് പി. ശശിധരൻ, സെക്രട്ടറി അഡ്വ വി ഹരികൃഷ്ണൻ, ജോയിൻ്റ് സെക്രട്ടറി ഐ മനീഷ് കുമാർ എന്നിവർ മന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തിരുന്നു.