അപകടത്തിൽ നഷ്ടപ്പെട്ട സ്വർണ്ണോപഹാരം പുനർനിർമ്മിച്ചു നൽകി പൂരപ്രേമിസംഘം; ആത്മനിർവൃതിയിൽ കൊമ്പ് കലാകാരൻ തൃക്കൂർ സജി

27

ഇക്കഴിഞ്ഞ തൃശൂർ പൂര ദിവസം രാത്രി മഠത്തിൽ വരവ് പഞ്ചവാദ്യത്തിനിടെ ആലിൻ കൊമ്പ് വീണ് അപകടത്തിൽപ്പെട്ട കൊമ്പ് വാദ്യകലാകാരനായ തൃക്കൂർ സജിയുടെ സ്വർണ്ണ ലോക്കറ്റ് നഷ്ടപ്പെട്ടിരുന്നു. സജിയുടെ കാലിലെ പെരുവിരൽ അപകടത്തിൽ മുറിച്ച് മാറ്റുകയും ചെയ്തിരുന്നു. കരൾ മാറ്റ ശസ്ത്രക്രിയക്ക് ശേഷം വാദ്യ രംഗത്ത് സജീവമായി വരുന്നതിനിടെയായിരുന്നു സജിക്ക് ഈ അപകടം പറ്റിയതും കാലിലെ പെരുവിരൽ മുറിച്ച് മാറ്റേണ്ടി വന്നതും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കൊമ്പ് വാദ്യ രംഗത്ത് നിറ സാന്നിധ്യമായ തൃക്കൂർ സജിക്ക് 2010ലാണ് ഊരകത്തമ്മ ത്തിരുവടി ക്ഷേത്രത്തിൽ നിന്നും ‘വലയാധീശ്വരി സുവർണ്ണ മുദ്ര’ ലഭിച്ചത്. തനിക്ക് ലഭിച്ച അപൂർവ്വം ഉപഹാരങ്ങളിൽ ഏറെ പ്രാധാന്യമുള്ളതായി സജി ഈ സുവർണ്ണ മുദ്ര കണ്ടിരുന്നു.
അപകടത്തിൽ അമ്മത്തിരുവടി പ്രസാദമായ സ്വർണ്ണ ലോക്കറ്റ് നഷ്ടപ്പെട്ട് പോയത് ഈ കലാകാരന് വളരെ അധികം വിഷമം ഉളവാക്കി. ഈ വിവരം പൂരപ്രേമി സംഘത്തെ അറിയിക്കുകയും ചെയ്തു. പൂരപ്രേമി സംഘം ഊരകം ക്ഷേത്ര ഉപദേശക സമിതിയുടെ ഭാരവാഹിയായിരുന്ന കൊമ്പത്ത് അജിത്തിനെ ബന്ധപ്പെട്ട് വലയാധീശ്വരി പുരസ്ക്കാരമായ സ്വർണ്ണ ലോക്കറ്റ് അതേ അളവിൽ തന്നെ പുതിയത് നിർമ്മിച്ചു. ചൊവ്വാഴ്ച രാവിലെ സജിയുടെ അവിട്ടത്തൂരുള്ള വസതിയിൽ എത്തിച്ച് സജിയെ ഊരകത്തെ മേള പ്രമാണി ചെറുശേരി പണ്ടാരത്തിൽ കുട്ടൻ മാരാർ അണിയിച്ചു. പൂരപ്രേമിസംഘം പ്രസിഡണ്ട് ബൈജു താഴേക്കാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽകുമാർ മോച്ചാട്ടിൽ, കൺവീനർ വിനോദ് കണ്ടെംകാവിൽ, ട്രഷറർ അരുൺ പി.വി., മുരാരി ചാത്തക്കുടം, സെബി ചെമ്പനാടത്ത്, എൻ. വിനോദ് എന്നിവർ പങ്കെടുത്തു.