മുഖ്യമന്ത്രിക്ക് നേരെയും തെരുവ്നായ്; തടഞ്ഞ് സുരക്ഷാ ജീവനക്കാരൻ

6

മുഖ്യമന്ത്രി പിണറായി വിജയന് നേരേയും എത്തി തെരുവ് നായ. കേരളത്തിൽ അല്ല. ഡൽഹിയിൽ ആണെന്ന് മാത്രം. മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് സമീപത്തേക്ക് എത്തിയ തെരുവ് നായയെ ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ മുൻകരുതൽ എടുക്കുകയായിരുന്നു. പി.ബി യോഗത്തിൽ പങ്കെടുക്കാനായി പിണറായി വിജയൻ എകെജി ഭവനിൽ എത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. കേരളത്തിൽ തെരുവ് നായ സർക്കാരിന് തലവേദനയാണ്. ഇതിനിടെയാണ് ഡൽഹിയിലെ പട്ടി വീഡിയോ വൈറലാകുന്നത്.
അപകടകാരിയായിരുന്നില്ല ഡൽഹിയിലെ പട്ടി. മുഖ്യമന്ത്രിയുടെ കാർ നിർത്തുമ്പോൾ അതിന്റെ പരിസരത്ത് നിൽക്കുകയായിരുന്നു പട്ടി. മുഖ്യമന്ത്രിക്ക് വാതിൽ തുറന്ന് കൊടുക്കുമ്പോൾ ഈ പട്ടി മുഖ്യമന്ത്രിയുടെ സഞ്ചാര പാതയിലേക്ക് പതിയെ നടന്നു കയറി. ഇതോടെ സംഘത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ അതിനെ കാലു കൊണ്ട് തട്ടിമാറ്റി. മറ്റൊരാളും പട്ടിയെ ഓടിക്കാൻ കൂടെ കൂടി. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടലും പട്ടിയെ അപകടകാരിയാക്കിയില്ല. ഈ സമയം മുഖ്യമന്ത്രി കാറിൽ നിന്നിറങ്ങി. പട്ടിയെ ഒന്നു നോക്കി ഹാളിലേക്ക് പോയി.

Advertisement

ഈ സമയവും പട്ടി മുഖ്യമന്ത്രിയുടെ പുറകു വശത്ത് നിൽപ്പുണ്ടായിരുന്നു. തോക്കേന്തിയ സുരക്ഷാ ഭടന്മാർ അടക്കം പത്തോളം സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയിലാണ് വെള്ളക്കാറിൽ മുഖ്യമന്ത്രി എകെജി സെന്ററിലെത്തിയത്. മുഖ്യമന്ത്രി നടന്നു നീങ്ങുമ്പോഴും ആ തെരവ് നായ ഒന്നും സംഭവിക്കാത്തതു പോലെ റോഡിൽ ഉണ്ടായിരുന്നു. മുഖ്യമന്ത്രി നടന്നു കയറിയ ശേഷം ആ പട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥർ ഒന്നും ചെയ്യാനും മുതിർന്നില്ല

Advertisement