പ്രതിഷേധം അതിര് വിട്ട് അക്രമത്തിലേക്ക്: ഇത് വേണോയെന്ന് രാഷ്ട്രീയ നേതൃത്വങ്ങൾ തീരുമാനിക്ക്

51

കരിങ്കൊടിയും ബാരിക്കേഡ് തകർത്തുമുള്ള പ്രതിഷേങ്ങൾ നാട്ടിൽ കലാപവും അക്രമവും പാർട്ടി ഓഫീസുകൾ തകർത്തും തമ്മിൽത്തല്ലിയുമുള്ള അക്രമത്തിലേക്ക് വഴിമാറുന്നു. സ്വർണക്കടത്ത് കേസിലെ പ്രതിയുടെ വെളിപ്പെടുത്തലിന്റെ പേരിൽ മുഖ്യമന്ത്രിക്ക് നേരെയുള്ള കരിങ്കൊടി പ്രതിഷേധങ്ങൾ പ്രതിപക്ഷ ഉത്തരവാദിത്വമെന്ന് വിശേഷിപ്പിച്ച് മാറി നിൽക്കാമെങ്കിലും രാജ്യത്ത് ഇന്നോളം കേട്ടിട്ടില്ലാത്ത വിമാനത്തിൽ ടിക്കറ്റെടുത്ത് കയറി പ്രതിഷേധിച്ച സംഭവം ആ ന്യായീകരണത്തെ ആകെ തിരുത്തുന്നതാണ്. ഇതിന് എന്തൊക്കെ ന്യായീകരണങ്ങൾ നിരത്തിയാലും അത് അംഗീകരിക്കാനാവില്ല. അത് വരെ പ്രതിപക്ഷ പ്രതിഷേധം മാത്രമായി നിന്നിരുന്നിടത്ത് നിന്നും സെക്കൻഡുകൾ കൊണ്ടാണ് തിരിച്ചടിയുടെ രൂപം പുറത്തു വരുന്നത്. അവർക്കും സമരങ്ങളെ കുറിച്ച് അറിയാത്തതൊന്നുമല്ലല്ലോ…? ഭരണപക്ഷ പാർട്ടികൾ എന്ന നിലയിൽ കുറേയൊക്കെ സഹിച്ചു നിന്നവരുടെ ക്ഷമയെ പരീക്ഷിക്കുന്ന വിധത്തിലേക്ക് പ്രതിഷേധം അതിര് വിട്ടതാണ് ഇന്നലെ വൈകുന്നേരം മുതൽ തുടങ്ങിയ നാട്ടിലെ സംഘർഷം ഇപ്പോഴും തുടരുന്നത്. കെ.പി.സി.സി ആസ്ഥാനത്തിന് നേരെ ആക്രമത്തിലേക്ക് പോലും ഇത് വലിച്ചിഴക്കുകയായിരുന്നു. അത് അനുവദിക്കാവുന്നതാണോ. ഒരു പാർട്ടിയുടെയും പാർട്ടി ഓഫീസുകളും കൊടിതോരണങ്ങളും നശിപ്പിച്ച് രോഷപ്രകടനം നടത്തുന്നത് ശരിയല്ല. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ആശയങ്ങൾ കുത്തിവെക്കപ്പെട്ടുകൂട. ഇന്ന് പ്രതിപക്ഷനേതാവിന്റെ വസതിയിലേക്ക് ഡി.വൈ.എഫ്.ഐക്കാര് ചാടിക്കടന്നതും, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസുകാർ ചാടിക്കടക്കാൻ ശ്രമിച്ചതും വെറും പ്രതിഷേധമല്ല. സ്വന്തം പ്രസ്ഥാനങ്ങളും അതിന്റെ നേതാക്കളും പ്രവർത്തകർക്ക് വികാരവും ആവേശവുമാണ്. ദൃശ്യങ്ങൾ പകർത്താൻ കാത്ത് നിൽക്കുന്ന മാധ്യമങ്ങൾ പ്രതിഷേധാവേശക്കാർക്ക് ചൂട് പകരുന്നുണ്ട്. അതിനുമപ്പുറം രാഷ്ട്രീയ നേതാക്കളുടെ വാക്കുകൾ എരിതീയിൽ എണ്ണയൊഴിക്കുകയാണ്. ജനാധിപത്യത്തിൽ ഭരണ-പ്രതിപക്ഷങ്ങൾക്ക് ഒരു പോലെ ഉത്തരവാദിത്വമാണ്. നാടിന്റെ സമാധാനന്തരീക്ഷം തകർക്കുന്ന വിധത്തിലേക്ക് ആര് കടക്കുന്നത് അപകടകരമാണെന്ന് അറിയാത്തതല്ല, നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങൾ. ഇത് തുടരണമോയെന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രീയ നേതൃത്വങ്ങളാണ്.

Advertisement
Advertisement