ഐ.പി.എൽ സീസണിലേക്ക് പുതിയ നിയമാവലികളുമായി ബി.സി.സി.ഐ: സോഫ്റ്റ് സിഗ്നൽ ഇല്ല, ഇന്നിംഗ്സ് സമയം 90 മിനുട്ട്

8
6 / 100

അടുത്ത ഐ.പി.എൽ സീസണിലേക്കുള്ള പുതിയ നിയമാവലികളുമായി ബി.സി.സി.ഐ. സമീപകാലത്തായി വിവാദങ്ങളിൽ ഇടംപിടിച്ച സോഫ്റ്റ് സിഗ്നൽ ഇക്കൊല്ലം ഐ.പി.എലിൽ ഉണ്ടാവില്ല. തേർഡ് അമ്പയർക്ക് വിടുന്ന തീരുമാനങ്ങളിൽ ഓൺഫീൽഡ് അമ്പയർമാരുടെ സോഫ്റ്റ് സിഗ്നലിന് സ്ഥാനമുണ്ടാവില്ല. രണ്ട് അമ്പയർമാരും കൂടിയാലോചിച്ചാവണം തേർഡ് അമ്പയർക്ക് തീരുമാനം കൈമാറേണ്ടത്. തേർഡ് അമ്പയർക്ക് വിടണോ എന്ന തീരുമാനം എടുക്കേണ്ടത് ബൗളിംഗ് എൻഡിലെ അമ്പയർ ആവണമെന്നും പുതിയ നിയമാവലിയിൽ പറയുന്നു.
ഇതോടൊപ്പം ഒരു ഇന്നിംഗ്സിനുള്ള സമയം 90 മിനിട്ടുകളാക്കി നിജപ്പെടുത്തിയിട്ടുണ്ട്. 20 ഓവർ പന്തെറിയാൻ പരമാവധി 90 മിനിട്ട് മാത്രമേ ഉപയോഗിക്കാവൂ. നേരത്തെ, 90ആം മിനിട്ടിലോ അതിനു മുൻപോ 20ആം ഓവർ തുടങ്ങണം എന്ന നിയമമാണ് ഉണ്ടായിരുന്നത്. ഇത് മാറ്റിയാണ് പുതിയ നിയമം. 14.11 ആവണം ഇന്നിംഗ്സിൻ്റെ ഓവർ റേറ്റ്. അതിൽ കൂടുതലായാൽ പിഴ ഒടുക്കേണ്ടി വരും. 85 മിനിട്ടാണ് ആകെ ഇന്നിംഗ്സിൻ്റെ സമയം. അഞ്ച് മിനിട്ട് സ്ട്രറ്റേജിക് ടൈം ഔട്ട് ആണ്. ഏതെങ്കിലും തരത്തിൽ ഓവർ ചുരുക്കി മത്സരം നടത്തേണ്ടി വന്നാൽ, ഒരു ഓവറിന് 4 മിനിട്ട് 15 സെക്കൻഡ് എന്ന നിലയിൽ സമയം കുറയ്ക്കണം. ഇത് അനുസരിച്ചാവണം പിന്നീട് പന്തെറിയേണ്ടതെന്നും ബിസിസിഐ നിയമാവലി സൂചിപ്പിക്കുന്നു. ഇത്തവണത്തെ ഐ.പി.എൽ മത്സരങ്ങൾ ഏപ്രിൽ ഒമ്പതിന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. ആറ് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.