റോബിന്‍ ഉത്തപ്പ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

2

ഇന്ത്യന്‍ ക്രിക്കറ്റ് താരവും പാതി മലയാളിയുമായ റോബിന്‍ ഉത്തപ്പ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അന്താരാഷ്ട്ര-ആഭ്യന്തര മത്സരങ്ങളില്‍ കളിക്കില്ലെന്ന് ഉത്തപ്പ വ്യക്തമാക്കി. വിദേശ ക്രിക്കറ്റ് ലീഗുകളില്‍ കളിക്കാന്‍ താത്പര്യമുണ്ടെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

Advertisement

‘ എന്റെ രാജ്യത്തേയും സംസ്ഥാനത്തേയും പ്രതിനിധീകരിച്ച് കളിക്കാന്‍ സാധിച്ചത് വലിയ അംഗീകാരമായി കരുതുന്നു. എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്. ഞാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും
വിരമിക്കുകയാണ്’ -ഉത്തപ്പ സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചു.

2007-ല്‍ ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലംഗമായ ഉത്തപ്പ 2004-ല്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും കളിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ടീമുകള്‍ക്കൊപ്പം രണ്ട് തവണ ഐ.പി.എല്‍. കിരീടം നേടാന്‍ ഉത്തപ്പയ്ക്ക് സാധിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി 2006 ഏപ്രില്‍ 15 നാണ് ഉത്തപ്പ അരങ്ങേറ്റം നടത്തിയത്. ഏകദിനത്തിലാണ് ആദ്യമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. ഇന്ദോറില്‍ വെച്ച് നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടായിരുന്നു എതിരാളികള്‍. 2007-ല്‍ ട്വന്റി 20യിലും അരങ്ങേറ്റം നടത്തി. 2015 ജൂലായ് 14 ന് അവസാന അന്താരാഷ്ട്ര മത്സരം കളിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി 46 ഏകദിനങ്ങളില്‍ കളിച്ച ഉത്തപ്പ 934 റണ്‍സ് നേടിയിട്ടുണ്ട്. 86 ആണ് ഉയര്‍ന്ന സ്‌കോര്‍. ആറ് അര്‍ധസെഞ്ചുറികള്‍ നേടി. 13 ട്വന്റി 20 മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ഉത്തപ്പ 249 റണ്‍സ് നേടിയിട്ടുണ്ട്. 50 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 142 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളിലും 203 ലിസ്റ്റ് എ മത്സരങ്ങളിലും ഐ.പി.എല്‍. ഉള്‍പ്പെടെ 291 ട്വന്റി 20 മത്സരങ്ങളിലും താരം ബാറ്റുവീശി.

ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്ക് വേണ്ടിയാണ് ഉത്തപ്പ കൂടുതല്‍ കളിച്ചിട്ടുള്ളത്. 2002-2003 സീസണില്‍ കര്‍ണാടകയ്ക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയ ഉത്തപ്പ കേരളത്തിനുവേണ്ടിയും സൗരാഷ്ട്രയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. അവസാനമായി കേരളത്തിനുവേണ്ടിയാണ് താരം ആഭ്യന്തര ക്രിക്കറ്റില്‍ പാഡണിഞ്ഞത്. ഐ.പി.എല്ലില്‍ അവസാനമായി ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടിയാണ് ഉത്തപ്പ കളിച്ചത്.

ഐ.പി.എല്ലില്‍ 15 സീസണുകളില്‍ കളിച്ച ഉത്തപ്പ ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ്, പുണെ വാരിയേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളുടെ ഭാഗമായി. 205 ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്ന് 130.35 പ്രഹരശേഷിയില്‍ 4952 റണ്‍സാണ് ഉത്തപ്പയുടെ സമ്പാദ്യം.

Advertisement