ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഇന്ത്യക്ക് ആദ്യജയം: ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യയുടെ ജയം

10

ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഇന്ത്യക്ക് ആദ്യജയം. ഗ്രൂപ്പ് ഇയില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. ദോഹയില്‍ നടന്ന മത്സരത്തില്‍ സുനില്‍ ചേത്രിയാണ് രണ്ട് ഗോളുകളും നേടിയത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി ഇന്ത്യ. ആറ് പോയിന്റാണ് ടീമിനുള്ളത്. അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് ഏഷ്യന്‍ കപ്പ് യോഗ്യത ഉറപ്പാക്കാം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 79-ാം മിനിറ്റിലായിരുന്നു ഇന്ത്യയുടെ ആദ്യ ഗോള്‍. ഇടതു വിങ്ങില്‍ നിന്ന് മലയാളി താരം ആഷിഖ് കുരുണിയന്‍ നല്‍കിയ തകര്‍പ്പന്‍ ക്രോസ് ചേത്രി ഹെഡ് ചെയ്തു ഗോളാക്കി. താരത്തിന്റെ 73-ാം ഗോളായിരുന്നു അത്. പിന്നാലെ ഇഞ്ചുറി സമയത്ത് ചേത്രി രണ്ടാം ഗോള്‍ നേടി. സുരേഷിന്റെ പാസില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍. ആദ്യ പകുതിയില്‍ ചിംഗ്ലന്‍സനയ്ക്ക് സുവര്‍ണാവസരം ലഭിച്ചിരുന്നു. താരത്തിന്റെ ഹെഡ്ഡര്‍ ഗോള്‍ വരയില്‍ വച്ച് ബംഗ്ലാദേശ് പ്രതിരോധതാരം രക്ഷപ്പെടുത്തി. ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ ഒരു ത്രൂ പാസില്‍ മന്‍വീറിനും മികച്ച അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഗോള്‍ കീപ്പറെ മറികടക്കുന്നതിനെ താരത്തെ പ്രതിരോധ താരങ്ങള്‍ വളയുകയായിരുന്നു.