സെർബിയൻ വല രണ്ടുവട്ടം കുലുക്കി: ബ്രസീലിന് ഇരട്ടഗോൾ വിജയം

11

സെർബിയൻ വല രണ്ടുവട്ടം കുലുക്കിയ ബ്രസീലിന് ഇരട്ടഗോൾ വിജയം. തകർപ്പൻ സിസർകട്ടടക്കം രണ്ടുഗോളടിച്ച റിച്ചാലിസനാണ് മഞ്ഞപ്പടയുടെ വരവറിയിച്ചത്. 62, 73 മിനുട്ടുകളിലാണ് റിച്ചാലിസൻ ഗോൾ ഗോളടിച്ചത്. നെയ്മർ നൽകിയ പാസ് വിനീഷ്യസ് ഗോൾപോസ്റ്റിലേക്ക് ഉതിർത്തെങ്കിലും തിരിച്ചുവന്നു. തുടർന്നാണ് റിച്ചാലിസൺ ആദ്യ ഗോൾ അടിച്ചത്. വിനീഷ്യസ് ജൂനിയർ നൽകിയ പാസാണ് രണ്ടാം തവണ റിച്ചാലിസൺ സിസർകട്ടിലൂടെ സെർബിയൻ പോസ്റ്റിലെത്തിച്ചത്.

Advertisement

ഇതോടെ, അർജൻറീനയും ജർമനിയുമടക്കമുള്ള വമ്പന്മാർ കൊമ്പൊടിഞ്ഞ് വീണ ഖത്തർ ലോകകപ്പിൽ ബ്രസീൽ രാജകീയമായി തന്നെ തുടങ്ങുകയായിരുന്നു.ലുസൈലിൽ നടക്കുന്ന ബ്രസീൽ-സെർബിയ മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിതമായിരുന്നു. സെർബിയൻ ഗോൾവല കുലുക്കാൻ ലഭിച്ച അവസരങ്ങൾ വിനീഷ്യസിനും റഫിഞ്ഞക്കും ഉപയോഗിക്കാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിലും റഫിഞ്ഞ തുറന്ന അവസരം പാഴാക്കി. ഗോളിയ്ക്ക് നേരെ ഷോട്ടുതിർക്കുകയായിരുന്നു. 49ാം മിനുട്ടിൽ നെയ്മറെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് സെർബിയൻ മതിലിൽ തട്ടി പുറത്തുപോയി. നെയ്മർ തന്നെയായിരുന്നു കിക്കെടുത്തത്. ഫൗളിന്റെ പേരിൽ നെമാഞ്ച ഗുഡെൽജ് മഞ്ഞക്കാർഡ് കണ്ടു. 54ാം മിനുട്ടിൽ വിനീഷ്യസ് നൽകിയ പാസും നെയ്മറിന് വലയിലെത്തിക്കാനായില്ല.

59ാം മിനുട്ടിൽ അലകസ് സാൻട്രോയടിച്ച തകർപ്പൻ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. പക്ഷേ പന്ത് വീണ്ടെടുക്കാൻ താരങ്ങളാരുമുണ്ടായിരുന്നില്ല. സെർബിയൻ താരങ്ങളും അവസരങ്ങൾ ഫലപ്രദമാക്കിയില്ല. തുടക്കത്തിൽ തന്നെ നെയ്മറിനെ വീഴ്ത്തിയതിന്‌ സെർബിയൻ താരത്തിന് മഞ്ഞക്കാർഡ് നേരിടേണ്ടി വന്നു. സ്ട്രഹിഞ്ഞ പവ്‌ലോവികിനാണ് നടപടി നേരിടേണ്ടിവന്നത്. ഗ്രൂപ്പ് ജിയിലെ മത്സരത്തിൽ ബ്രസീൽ 4-3-3 ഫോർമാറ്റിലും സെർബിയ 3-4-3 ഫോർമാറ്റിലുമാണ് ടീമിനെ ഇറക്കിയിരിക്കുന്നത്

Advertisement