മലപ്പുറത്ത് പൂരവും പെരുന്നാളുമൊരുക്കി തൃശൂരിന്റെ താരങ്ങൾക്ക് അഭിനന്ദന പ്രവാഹം: സന്തോഷ്‌ ട്രോഫി ടീമിന് വൻ സ്വീകരണമൊരുങ്ങുന്നു

50

മലപ്പുറത്തിന്റെ മണ്ണിൽ തൃശൂർ പൂരവും ചെറിയ പെരുന്നാളും ഒന്നിച്ച് ആഘോഷിച്ച കേരളത്തിന്റെ സന്തോഷ്‌ ട്രോഫി വിജയം തൃശൂരിന്റെ പ്രിയപ്പെട്ടത്. പരിശീലകൻ ബിനോ ജോർജും നായകൻ ജിജോ ജോസഫും തൃശൂരിന്റെ മക്കളാണ്. അവസാന നിമിഷം വരെയും ത്രസിപ്പിച്ചും ആവേശത്തിലും ആശങ്കയിലും അമ്പരപ്പിലും നിറുത്തിയ കളിയുടെ ഒടുക്കം ഇരട്ടി മധുരത്തിന്റെ ആഹ്ലാദമാണ് സമ്മാനിച്ചത്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും കൂടുതൽ സമയത്തിലും സമനില പാലിച്ച് ഒടുവിൽ പെനാൽറ്റിയിൽ എത്തുമ്പോൾ മുൻ അനുഭവങ്ങളിലെ തോൽ‌വിയിൽ നെഞ്ച് പിടക്കുമ്പോഴാണ് കാല് പിഴച്ച ബംഗാളിന്റെ നിയന്ത്രണം വിട്ട ബോൾ പുറത്തേക്ക് പോകുന്നത്. അങ്ങനെ മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയം ഒരു റെക്കോർഡിന് ഒപ്പം എത്തി.   എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് പുറത്തു ആദ്യമായി  കേരളത്തിൽ ഒരു ഗ്രൗണ്ടിൽ കേരളം സന്തോഷ് ട്രോഫി വിജയികൾ ആയപ്പോൾ അത് ചരിത്രത്തിൽ അടയാളപ്പെടുത്തി. തൃശൂർ ഗവ. മോഡൽ സ്കൂളിന്റെ പൂർവ വിദ്യാർഥികളാണ് പരിശീലകൻ ബിനോ ജോർജും നായകൻ ജിജോ ജോസഫും. ടൂർണമെന്റിലെ താരം കൂടിയായ നേട്ടമാണ് ജിജോ ജോസഫ് സ്വന്തമാക്കിയത്. ആദ്യ കളിയിൽ തന്നെ മികവ് പ്രകടിപ്പിച്ച ജിജോ അവസാന കളിയിലും അത് കാണിച്ചു. പരിശീലകനും നായകനും തൃശൂരിൽ നിന്നുള്ളവരായതിനാൽ കളിയുടെ ആവേശത്തിനേക്കാളുപരി തൃശൂരിന് നെഞ്ചിടിപ്പായിരുന്നു. വിജയം അനിവാര്യവും അഭിമാന പ്രശ്‌നവുമായിരുന്നു. ആ നേട്ടം സ്വന്തമാക്കുമ്പോൾ അതിരില്ലാത്ത ആഹ്ലാദത്തിലും ആവേശത്തിലുമാണ് തൃശൂർ. പൂരവും പെരുന്നാളും ആഘോഷിക്കുകയാണ്. മൈതാനം നിറഞ്ഞ് ലോക ഫുട്ബോളിന് തൃശൂർ സമ്മാനിച്ച ഐ.എം വിജയനും ഇപ്പോഴത്തെ പരിശീലകനും നായകനും മാത്രമല്ല. ഗാലറിയിൽ നിറഞ്ഞും തൃശൂരുണ്ടായിരുന്നു. തരങ്ങൾക്ക് തൃശൂരിൽ വൻ സ്വീകരണമൊരുക്കാനുള്ള തിരക്കിലാണ് കായിക പ്രേമികൾ. ഇതിനു മുൻപ് കേരളത്തിൽ കേരളം ആദ്യവും  (1973) അവസാനവും (1993) സന്തോഷ് ട്രോഫി കരസ്ഥമാക്കിയത്  മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ആയിരുന്നു.  കൊല്ലം ലാൽ ബഹാദൂർ സ്റ്റേഡിയത്തിലും (1988), തൃശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലും (2000)  , എറണാകുളം ജവഹർ നെഹ്‌റു സ്റ്റേഡിയത്തിലും (2012 )  കേരളം ഫൈനൽ മത്സരങ്ങൾ പരാജയപ്പെടുന്നത് ആണ് ഇതിനു മുൻപ് നമ്മൾ കണ്ടിട്ടുള്ളത്. 
കാൽ നൂറ്റാണ്ടിനിടയിൽ ആദ്യമായി ഗാലറിയിൽ തിങ്ങി നിറഞ്ഞു ഫുട്ബോൾ ആരാധകരെ  കാണുവാൻ കഴിഞ്ഞ സന്തോഷ് ട്രോഫി ആയിരുന്നു മഞ്ചേരിയിലേത് .
മഞ്ചേരിയിലെ വിജയത്തോടെ 20 വർഷത്തിനിടയിൽ സർവീസസ് (അഞ്ചു തവണ) കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തവണ സന്തോഷ് ട്രോഫി ജയിക്കുന്ന ടീമായി കേരളം (നാല് തവണ). ബംഗാൾ മൂന്ന് പ്രാവശ്യവും.

Advertisement
Advertisement