ആഘോഷങ്ങളില്ലാതെ ഇത്തവണ ഗൌരിയമ്മക്ക് പിറന്നാള്‍

34

‘കേരം തിങ്ങും കേരള നാട് കെ.ആർ.ഭരിക്കട്ടെ’ കേരളത്തിന്‍റെ രാഷ്ട്രീയ മുദ്രാവാക്യം ഗൗരിയമ്മക്ക് ഇന്ന് നൂറ്റിരണ്ടാം പിറന്നാള്‍. കോവിഡ് കാലമായതിനാല്‍ പതിവുതെറ്റിച്ച് ആഘോഷങ്ങളില്ലാതെയാണ് ഇത്തവണ പിറന്നാള്‍ കടന്നുപോകുന്നത്.

മിഥുനമാസത്തിലെ തിരുവോണനാളിലാണ് കേരളത്തിന്റെ വിപ്ലവവനിതക്ക് പിറന്നാള്‍. ചാത്തനാട്ടെ വീട്ടില്‍ അന്ന് പ്രിയപ്പെട്ടവരെല്ലാം എത്തും. നന്മകള്‍ നേരും. കേക്ക് മുറിക്കും, ആഘോഷിക്കും. വരുന്നവര്‍ക്കെല്ലാം സദ്യയുമുണ്ടാകും.

ഇത്തവണ കോവിഡ് കാരണം പതിവ് തെറ്റി. ആഘോഷങ്ങളൊന്നുമില്ലെന്ന് മാത്രമല്ല, റിവേഴ്സ് ക്വാറന്റീനിലായതിനാല്‍ സന്ദര്‍ശകര്‍ക്ക് വീട്ടിലേക്ക് പ്രവേശനവുമില്ല. ആരുമില്ലെങ്കില്‍ ആഘോഷം വേണ്ടെന്ന് ഗൗരിയമ്മയും പറഞ്ഞു.

ആഘോഷങ്ങളൊന്നുമില്ലെങ്കിലും ഗൗരിയമ്മക്ക് പ്രിയപ്പെട്ട അമ്പലപ്പുഴ പാല്‍പ്പായസം വീട്ടിലെത്തും. നേരിട്ടെത്താന്‍ കഴിയാത്തതിനാല്‍ ഫോണിലൂടെയാണ് പ്രിയപ്പെട്ടവരുടെ ആശംസാസന്ദേശങ്ങള്‍.