ഒളിവിലിരുന്ന് സ്വപ്നയുടെ വിശദീകരണം: ഡിപ്ലോമാറ്റിക് കാർഗോ ആര് അയച്ചുവെന്ന് അന്വേഷിക്കണം, സ്വർണ്ണക്കടത്തിൽ പങ്കില്ലെന്ന് സ്വപ്‌നയുടെ ശബ്ദരേഖ പുറത്ത്

51

തിരുവനന്തപുരത്തെ സ്വർണ്ണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സ്വപ്‌ന സുരേഷ്. ഡിപ്ലോമാറ്റിക് കാർഗോയിൽ ഇടപെട്ടത് കോൺസുലേറ്റ് നിർദേശ പ്രകാരമാണ്. കാർഗോ ആര് അയച്ചുവെന്നതാണ് എല്ലാവരും അന്വേഷിക്കേണ്ടതെന്നും സ്വപ്‌ന ചാനലുകളിലൂടെ പുറത്ത് വിട്ട ശബ്ദ സന്ദേശത്തിൽ പറഞ്ഞു.

Advertisement

യഥാർത്ഥത്തിൽ എന്ത് സംഭവിച്ചുവെന്ന് ജനങ്ങളറിയണം എന്ന മുഖവുരയോടെയാണ് സ്വപ്‌നയുടെ സന്ദേശം ആരംഭിക്കുന്നത്. യുഎഇ കോൺസുലേറ്റിൽ നിന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് കസ്റ്റംസിൽ വിളിച്ചത്. തൊഴിൽപരമായ ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് നൽകിയത്. ഉന്നത അധികാരികളെ ബന്ധപ്പെട്ടതും ജോലിയുടെ ഭാഗമായിട്ടാണ്. സംസ്ഥാന സർക്കാരുമായോ മന്ത്രിമാരുമായോ ഒരു തരത്തിലുള്ള അനാവശ്യ ഇടപെടലുണ്ടായിട്ടില്ലെന്നും സ്വപ്‌നയുടെ സന്ദേശത്തിൽ പറയുന്നു.

കാർഗോ വന്നിറങ്ങിയതിന്റെ പിറ്റേന്ന് ഇതുവരെ ക്ലിയർ ആയില്ലെന്ന് യുഎഇയിലെ ഡിപ്ലോമാറ്റ് വിളിച്ചു പറഞ്ഞു. അതൊന്ന് അന്വേഷിച്ചിട്ട് പറയാൻ പറഞ്ഞു. അപ്പോൾ അന്വേഷിക്കുക മാത്രമാണ് ചെയ്തത.് കോൺസുലേറ്റിലെ കാർഗോ വിഭാഗത്തിൽ താൻ ജോലി ചെയ്തിട്ടില്ല. കോൺസുലേറ്റിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലായിരുന്നു ജോലി.

യഥാർത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരണം. തന്നെയും കുടുംബത്തെയും ആത്മഹത്യയുടെ മുനമ്പിൽ നിന്ന് രക്ഷിക്കണം. മാറി നിൽക്കുന്നത് ഭയം മൂലമാണെന്നും സ്വപ്‌ന പറയുന്നു.

Advertisement