‘കക്കുകളി’ നാടക വിവാദത്തില്‍ നഗരസഭക്ക് പങ്കില്ല; ആഴ്ചകൾക്ക് മുമ്പേ പരസ്യപ്പെടുത്തിയ പരിപാടിക്ക് തുടങ്ങുന്ന സമയത്ത് പ്രതിഷേധവുമായെത്തുകയായിരുന്നുവെന്നും എം.കൃഷ്ണദാസ്

13

‘കക്കുകളി’ നാടക വിവാദത്തില്‍ നഗരസഭക്ക് യാതൊരു പങ്കുമില്ലെന്ന് ഗുരുവായൂർ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ്. കെ.പി.എ.സിയുടെ നാടകം അവതരിപ്പിക്കുന്ന ദിവസമാണ് 2020ല്‍ കോവിഡിനെ തുടര്‍ന്ന് ആ വര്‍ഷത്തെ സര്‍ഗോത്സവം നിര്‍ത്തിവെണ്ടേി വന്നത്. അതിനാല്‍ ഇത്തവണത്തെ സര്‍ഗോത്സവത്തില്‍ കെ.പി.എ.സിയുടെ നാടകം ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. അവര്‍ക്ക് ഒഴിവില്ലാത്ത ഘട്ടത്തിലാണ് മറ്റൊരു നാടകത്തെ കുറിച്ച് ആലോചിച്ചതും അന്താരാഷ്ട്ര നാടകോത്സവത്തില്‍ പുരസ്‌കാരം നേടിയ കക്കുകളി ആവാമെന്ന് തീരുമാനിച്ചതും. ഈ നാടകത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് മാധ്യമങ്ങളില്‍ വന്നിരുന്നത്. സംഗീത നാടക അക്കാദമിയുടെ ധനസഹായം കൊണ്ട് തയ്യാറാക്കിയ നാടകവുമാണ്. നേരത്തെ 13 വേദികളില്‍ അവതരിപ്പിച്ചതുമാണ്. സര്‍ഗോത്സവത്തിന്റെ കാര്യപരിപാടികള്‍ നേരത്തെ തന്നെ നോട്ടീസിലൂടെ അറിയിച്ചിരുന്നു. വാര്‍ത്ത സമ്മേളനത്തിലും പരിപാടികള്‍ അറിയിച്ചു. സര്‍ഗോത്സവം തുടങ്ങി നാലാം ദിവസമാണ് കക്കുകളി അരങ്ങേറിയത്. നാടകം അരങ്ങേറുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് പ്രതിഷേധത്തിന്റെ കാര്യം അറിയുന്നത്. അപ്പോഴേക്കും നാടക സംഘം സ്ഥലത്തെത്തിയിരുന്നു. ഒരാഴ്ച മുമ്പ് തന്നെ പ്രഖ്യാപിച്ച ഒരു പരിപാടിയെ കുറിച്ച് പ്രതിഷേധമുണ്ടെങ്കില്‍ ഇക്കാര്യം നേരത്തെ അറിയിച്ചാല്‍ ചര്‍ച്ചക്കുള്ള അവസരം ഉണ്ടായിരുന്നു. ഇതൊന്നും ചെയ്യാതെ നാടകം കളിക്കുന്ന ദിവസം വൈകീട്ട് പ്രതിഷേധവുമായി രംഗത്തെത്തുകയാണ് ഉണ്ടായതെന്നും ചെയര്‍മാന്‍ പറഞ്ഞു. നാടകം സംബന്ധിച്ചുള്ള മറ്റ് ചര്‍ച്ചകള്‍ നഗരസഭയുടെ പരിധിയില്‍ പെടുന്നില്ലെന്നും ഇപ്പോള്‍ ഉയരുന്ന വിവാദങ്ങളില്‍ കക്ഷിയാകാനില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു

Advertisement
Advertisement