കടൽക്ഷോഭം: കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് മാറ്റിപ്പാർപ്പിക്കുമെന്ന് മന്ത്രി എ.സി മൊയ്തീൻ

34

തീരപ്രദേശത്ത് കടൽക്ഷോഭം മൂലം ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നാൽ രോഗാവസ്ഥയിലുള്ളവരെ സ്‌കൂളുകളിലെ ക്യാമ്പുകളിലേക്ക് മാറ്റില്ലെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. അവർക്കായി പ്രത്യേക സൗകര്യമൊരുക്കും. കടൽക്ഷോഭം നേരിടുന്നതിന് ജിയോ ബാഗ് സ്ഥാപിച്ചിട്ടുണ്ട്. മഴക്കാല ദുരന്തങ്ങൾ നേരിടുന്നതിനായി മുൻകരുതൽ സ്വീകരിച്ചു. ഡാമുകൾ, റഗുലേറ്ററുകൾ, ഷട്ടറുകൾ എന്നിവ പ്രവർത്തനക്ഷമമാണ്. അവയുടെ അറ്റകുറ്റപ്പണികൾക്ക് 19.29 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആർ.ഐ.ഡി.എഫ് പ്രകാരം 8.31 കോടി രൂപയും, റീബിൽഡ് കേരള പദ്ധതി പ്രകാരം 12.69 കോടി രൂപയും, കെ.എൽ.ഡി.സിയുടെ വിവിധ പദ്ധതികൾക്കായി 14.5 കോടി രൂപയും, റീബിൽഡ് കേരള പദ്ധതി പ്രകാരം തൃശൂർ – പൊന്നാനി കോൾ മേഖലക്കായി 238 കോടി രൂപയും അനുവദിച്ചതായി മന്ത്രി പറഞ്ഞു.
ഓൺലൈൻ വിദ്യാഭ്യാസ സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് ടി.വി യും മറ്റ് സൗകര്യങ്ങളും പൂർണമായിത്തന്നെ ഏർപ്പെടുത്തി. അത്തരം സൗകര്യങ്ങളില്ലാത്ത 14,862 കുട്ടികളാണ് ഉണ്ടായിരുന്നത്. ഇതിൽ മുഴുവൻ പേർക്കും പഠന സൗകര്യം ഒരുക്കി. 4839 കുട്ടികൾക്ക് മാത്രമേ പൊതു കേന്ദ്രങ്ങളിൽ എത്തേണ്ടതുള്ളൂ.
കോവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 89 ആയി കുറഞ്ഞു. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ജൂൺ 30 വരെ ആളുകൾ എത്തുന്നത് ഇതേ തോതിൽ തുടരും. ഉറവിടം കണ്ടെത്താത്ത കേസുകൾ ഒന്ന് മാത്രമേയുള്ളൂ. പ്രവാസികൾ തിരിച്ചെത്തിയതിനു ശേഷമുള്ള ഏഴാമത്തെ ആഴ്ചയാണിത്. ഈയാഴ്ച സമ്പർക്കമുണ്ടായാൽ എട്ടു മുതൽ 24 വരെ പുതിയ രോഗികൾ പ്രതിദിനം ഉണ്ടാകാമെന്ന് ഡി.എം.ഒ കെ.ജെ റീന പറഞ്ഞു.
കുര്യച്ചിറ ഗോഡൗൺ തുറക്കുന്നതിനുള്ള മാസ്റ്റർ പ്‌ളാൻ തയ്യാറാക്കി തിങ്കളാഴ്ച തൊഴിലാളി സംഘടനകൾ ജില്ലാ കലക്ടർക്ക് സമർപ്പിക്കുമെന്നും മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു.

Advertisement
Advertisement