കണ്ണ് തുറന്നു, കൈകാലുകൾ അനക്കിത്തുടങ്ങി; അങ്കമാലിയിൽ അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി

19

അങ്കമാലിയിൽ അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർ ട്വന്റിഫോറിനോട്.

കുഞ്ഞ് സ്വയം കണ്ണ് തുറന്നതായി ഡോക്ടർ പറഞ്ഞു. കൈകാലുകളും അനക്കിത്തുടങ്ങിയെന്നും കരയാൻ തുടങ്ങിയെന്നും ഡോക്ടർ പറഞ്ഞു. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.സോജൻ ഐപാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഇന്നലെ ആയിരുന്നു കുട്ടിയുടെ ആദ്യ ശസ്ത്രക്രിയ. ഇതിന് പിന്നാലെ ലഭിക്കുന്നത് നല്ല സൂചനകളാണ്. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുന്നതാണ് നിലവിലെ ചലനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ്അടുത്ത മണിക്കൂറുകളിലേക്ക് ഇതേ അവസ്ഥ തുടരണമെന്നും പ്രതീക്ഷ നൽകുന്ന സൂചനയാണിതെന്നും ഡോക്ടർ പറഞ്ഞു.

ഇന്നലെ രാവിലെ 11 മണിയോടുകൂടിയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയ കുട്ടിയുടെ തലച്ചോറിൽ കെട്ടിക്കിടക്കുന്ന രക്തവും നീർക്കെട്ടും ഒഴിവാക്കുന്നതിനു വേണ്ടിയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി കുട്ടി അബോധാവസ്ഥയിലായിരുന്നു. എന്നാൽ, ഇന്നലെ രാവിലെ കുട്ടി കരയാനും കണ്ണ് തുറക്കാനും ശ്രമിച്ചതിന്റെ അടിസ്ഥാനത്തിൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതിനെ തുടർന്ന് കുട്ടിയെ ഓക്‌സിജന്റെ സഹായത്തോടെ ഐസിയുവിലേക്ക് മാറ്റിയിരുന്നു.

മൂന്ന് ദിവസം മുമ്പാണ് ജനിച്ചത് പെൺകുഞ്ഞാണെന്നതിന്റെ പേരിൽ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിലാകുന്നത്. അങ്കമാലി ജോസ്പുരത്ത് വാടകയ്ക്ക് താമസിക്കുന്ന ഷൈജു തോമസ്(40)ആണ് പിടിയിലായത്. അൻപത്തിനാല് ദിവസം പ്രായമായ കുഞ്ഞിനെ കട്ടിലിലേക്ക് വലിച്ചെറിച്ചും തലയ്ക്കടിച്ചുമാണ് ഇയാൾ കൊല്ലാൻ ശ്രമിച്ചത്.