കരുതൽ പൂരത്തിൽ സുരക്ഷയൊരുക്കിയ പൊലീസ് പട്ടിണി; പ്രാതലെത്തിയില്ല, ഉച്ച ഭക്ഷണത്തെ കുറിച്ചും വ്യക്തതയില്ല, വെള്ളം പോലും ലഭിച്ചിട്ടില്ലെന്ന് ഡ്യൂട്ടിയിലെ അഗ്നിരക്ഷാസേനാംഗങ്ങൾ, അതിസുരക്ഷയിൽ വലഞ്ഞത് സുരക്ഷാ സേനാംഗങ്ങളും, പലരും തളർന്ന് അവശ നിലയിൽ

8

കരുതലൊരുക്കിയ തൃശൂർ പൂരത്തിൽ പട്ടിണിയായത് കാവൽസൈന്യം. രാവിലെ പ്രാതൽ സേനാംഗങ്ങളിൽ പലർക്കും ലഭിച്ചില്ല. നൂറോളം പേർ പച്ചവെള്ളം പോലും കുടിക്കാതെ ഡ്യൂട്ടിയിലാണ്. പലരും തളർന്ന് അവശ നിലയിലാണ്. കാണികളില്ലാത്ത, പൂരക്കാരും മേളക്കാരും മാധ്യമപ്രവർത്തകരും ഉദ്യോഗസ്ഥരും മാത്രമുള്ള പൂരത്തിന് രണ്ടായിരം പോലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. ഇവരാണ് പട്ടിണിയിലായത്. രാവിലെ പ്രാതൽ ഇഡലിയും സാമ്പാറും ഒരു ബോട്ടിൽ വെള്ളവുമാണ് അനുവദിച്ചിരുന്നത്. ഇതാകട്ടെ പകുതിയിലേറെ പേർക്കും ലഭിച്ചില്ല. രാമവർമ്മപുരം എ.ആർ.ക്യാമ്പിലെ പോലീസ് മെസിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. വിവിധയിടങ്ങളിലായി ഡ്യൂട്ടിയിലിട്ടവർ ഭക്ഷണമെത്തിക്കുന്ന വാഹനം കാത്തു നിന്നെങ്കിലും വിളിച്ചിട്ട് പ്രതികരണം പോലുമുണ്ടായില്ല. തേക്കിൻകാട്ടിലെ ഡ്യൂട്ടിയിലുള്ളവർക്ക് ഭക്ഷണമെത്താതിരുന്നതിനെ തുടർന്ന് ഇവിടെയെത്തിയ ഉന്നതോദ്യോഗസ്ഥരോട് പരാതിപ്പെട്ടപ്പോഴാണ് ഭക്ഷണം ലഭിക്കാത്തത് അറിഞ്ഞത്. ഉടൻ തന്നെ ഭക്ഷണമെത്തിക്കാൻ നിർദ്ദേശിച്ചുവെങ്കിലും പതിനൊന്നരയോടെയാണ് വീണ്ടും ഉപ്പുമാവും ബോട്ടിൽ വെള്ളവുമെത്തിച്ചത്. ഇതും പകുതിയോളം പേർക്കുമെത്തിയിട്ടില്ലെന്ന് പറയുന്നു. പ്രാതൽ ഈ നിലയിലെങ്കിൽ ഉച്ചഭക്ഷണം എന്താവുമെന്ന ആശങ്കയിലാണ് സേനാംഗങ്ങൾ. ഡ്യൂട്ടിയിലുള്ള അഗ്നിരക്ഷാ സേനാംഗങ്ങളാവട്ടെ ഇവർക്ക് പ്രാതൽ പോയിട്ട് തുള്ളി വെള്ളം പോലും കുടിക്കാൻ ലഭിച്ചിട്ടില്ല. ഈ സൗകര്യം ദേവസ്വങ്ങളാണ് ഒരുക്കാറുള്ളത്. എന്നാൽ പൂരം പ്രതിസന്ധി തർക്കത്തിൻറെ ചർച്ചക്കിടയിൽ ഇത്തരം ഒരുക്കങ്ങളിൽ നിന്നും കയ്യൊഴിഞ്ഞുവെന്നാണ് ആശങ്കപ്പെടുന്നത്. എവിടെ നിന്നെങ്കിലും കയ്യിലെ കാശെടുത്ത് വാങ്ങി വെള്ളം കുടിക്കാമെന്ന് കരുതിയാൽ സുരക്ഷയുടെ ഭാഗമായി നഗരത്തിലെ കുടിവെള്ള കടയുൾപ്പെടെ പോലീസ് തന്നെ അടപ്പിച്ചതോടെ ഇതും നിവൃത്തിയില്ലാതായി. ആരെയെങ്കിലും വിളിപ്പിച്ച് വെള്ളമെത്തിക്കാൻ നിർദ്ദേശിച്ചിട്ടും നടക്കുന്നില്ലെന്ന് പറയുന്നു.