കാർഷിക സർവകലാശാല ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

30

കാർഷിക സർവ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ ഞാറ്റുവേല ചന്ത ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്തു. സർവകലാശാലയുടെ അത്യുൽപ്പാദന ശേഷിയുള്ള നടീൽ വസ്തുക്കളും, പച്ചക്കറി വിത്തുകളും, തൈകളും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കർഷകർക്ക് നൽകുമെന്നും തിരുവാതിര ഞാറ്റുവേല കൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലമാണെന്നും കെ രാജൻ പറഞ്ഞു. മണ്ണുത്തി ആറ്റിക് കാർഷിക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. സുഭിക്ഷ കേരളം പദ്ധതിയോടനുബന്ധിച്ച് കേരള കാർഷിക സർവ്വകലാശാല നടപ്പാക്കാനുദ്ദേശിക്കുന്ന ‘ജൈവ പച്ചക്കറി കൃഷി’ ഓൺലൈൻ പരിശീലന പരിപാടി ജൂൺ അവസാന വാരം തുടങ്ങുമെന്ന് വൈസ് ചാൻസലർ പറഞ്ഞു. ദിവസവും അഞ്ഞൂറിലധികം കർഷകരാണ് വിജ്ഞാന വ്യാപന കേന്ദ്രം സന്ദർശിച്ചുകൊണ്ടിരിക്കുന്നത്. കേരള കാർഷിക സർവകലാശാലയുടെ എല്ലാ കേന്ദ്രങ്ങളിലും ഞാറ്റുവേല ചന്ത ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് നിയന്ത്രണത്തിനായി നിഷ്‌കർഷിച്ചിട്ടുള്ള നിബന്ധനകൾ പാലിച്ചാണ് ചന്ത ആരംഭിച്ചിരിക്കുന്നത്.
ഇതോടൊപ്പം ടെറസിൽ കൃഷി ചെയ്യാവുന്ന ‘ഏക’ പ്രകൃതി സൗഹൃദ പച്ചക്കറി നടീൽ കിറ്റിന്റെ ഉദ്ഘാടനവും ചീഫ് വിപ് നിർവ്വഹിച്ചു. ടെറസിൽ ഉത്പാദിപ്പിക്കാവുന്ന 10 ഇനം പച്ചക്കറി തൈകളും അവയ്ക്കാവശ്യമായ വളക്കട്ട, കുമ്മായം, ജൈവവളം എന്നിവ അടങ്ങിയ കിറ്റും കൃഷി ചെയ്യേണ്ട രീതി വിവരിക്കുന്ന വീഡിയോയും അടങ്ങുന്ന പദ്ധതിയാണ് ഏക.
ഒരാഴ്ചക്കാലമാണ് ഞാറ്റുവേല ചന്ത നടക്കുക. ഇതിൽ ആയുർവേദ മരുന്നുകളായ പനിക്കൂർക്ക, ദന്തപ്പാല, ബ്രഹ്മി, നീർമരുത്, നോനി, മണിമരുത്ര, രക്തചന്ദനം തുടങ്ങിയവയും വിവിധതരത്തിലുള്ള പച്ചക്കറി വിത്തുകൾ, തൈകൾ, സ്‌ക്വാഷ്, ജാം, അച്ചാർ, കശുവണ്ടിപരിപ്പ്, ജൈവവളങ്ങൾ തുടങ്ങിയവയും ലഭ്യമാണ്. ചടങ്ങിൽ വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ജിജു പി അലക്സ്, കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രം മേധാവി ഡോ. ശ്രീവത്സൻ ജെ മേനോൻ തുടങ്ങിയവർ പങ്കെടുത്തു.