ഗവര്‍ണറില്‍ നിന്ന് ചാന്‍സലര്‍ പദവി മാറ്റാം: യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കേന്ദ്ര സർക്കാരിനെ അറിയിച്ച കത്ത് പുറത്ത്

35

ഗവര്‍ണറില്‍ നിന്ന് ചാന്‍സലര്‍ പദവി മാറ്റാമെന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനം നിലപാട് എടുത്തിരുന്നതായി റിപ്പോർട്ട്. എം.എം. പൂഞ്ചി കമ്മീഷന്റെ ശുപാര്‍ശകളിന്മേല്‍ കേന്ദ്ര സര്‍ക്കാരിനെ അഭിപ്രായം അറിയിച്ചപ്പോഴാണ് സംസ്ഥാനം ഈ നിലപാട് എടുത്തത്. ഗവര്‍ണര്‍ക്ക് ചാന്‍സിലര്‍ പദവി നല്‍കുന്നത് അധികാര സംഘര്‍ഷമുണ്ടാക്കുമെന്നും അത് അഭികാമ്യമല്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. അന്നത്തെ ചീഫ് സെക്രട്ടറിയാണ് നിലപാട് അറിയിച്ചുകൊണ്ട് 2015ന് ആഗസ്റ്റ് 26ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചത്.

Advertisement
EX 750x375 1

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാനാണ് 2007ല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന മദന്‍മോഹന്‍ പൂഞ്ചിയെ കേന്ദ്രസര്‍ക്കാര്‍ കമ്മീഷനായി നിയമിച്ചത്. കമ്മീഷന്‍ 2010ല്‍ റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ സര്‍വകലാശാല ചാന്‍സലര്‍ പോലുള്ള പദവികളില്‍ നിന്ന് ഗവര്‍ണര്‍മാരെ ഒഴിവാക്കണം എന്നുള്ളതായിരുന്നു. കമ്മീഷന്റെ ശുപാര്‍ശയില്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളോടും അഭിപ്രായം തേടിയിരുന്നു. അങ്ങനെ അഭിപ്രായം അറിയിക്കുമ്പോഴാണ് ഇത്തരത്തില്‍ സുപ്രധാന നിലപാട് സംസ്ഥാനം എടുത്തത്.

2015 ഓഗസ്റ്റില്‍ അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ആഭ്യന്തര മന്ത്രാലയ അഡീഷണല്‍ സെക്രട്ടറിയെ രേഖാമൂലം അഭിപ്രായം അറിയിച്ചത്. ഗവര്‍ണര്‍മാര്‍ നിയമപരമായ ബാധ്യതകള്‍ ഏറ്റെടുക്കുന്നത് അധികാര സംഘര്‍ഷത്തിന് ഇടയാക്കുമെന്നും അത് തീരെ അഭികാമ്യമല്ല എന്നുമാണ് സര്‍ക്കാര്‍ അഭിപ്രായമായി അറിയിച്ചത്.

നേരത്തെ ഗവര്‍ണര്‍മാര്‍ക്ക് മേല്‍ ചാന്‍സിലര്‍ പദവി നിക്ഷിപ്തമാക്കുമ്പോള്‍ അതിന് ചരിത്രപരമായ കാരണങ്ങളുണ്ടായിരുന്നു. പക്ഷേ, കാലവും സാഹചര്യവും മാറിയതോടെ അതിന് പ്രസക്തിയില്ലാതായി. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസത്തില്‍ വലിയ താല്പര്യമുണ്ട്. അങ്ങനെ വരുമ്പോള്‍ ഇത് രണ്ട് അധികാര കേന്ദ്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനും ഭിന്നതക്കും ഇടയാക്കുമെന്നാണ് അന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്.

Advertisement